കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളിലെയും പ്രവേശനം ഏറ്റെടുത്ത സർക്കാർ ഉത്തരവ് പിൻവലിക്കാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷന്റെ തീരുമാനം.വിവാദ ഉത്തരവ് റദ്ദാക്കാൻ ചൊവ്വാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കും.

അസോസിയേഷൻ നേരിട്ടും കോളേജുകൾ സ്വന്തം നിലയിലുമാകും കോടതിയെ സമീപിക്കുക.സ്റ്റേ കിട്ടുമെന്നാണ് പ്രതീക്ഷ.. അനുകൂല ഉത്തരവ് ലഭിച്ചാൽ സ്വന്തം നിലയിൽ മുഴുവൻ സീറ്റിലും പ്രവേശനം നടത്താനാണ് നീക്കം. വിവാദ ഉത്തരവ് പിൻവലിച്ചാൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അസോസിഷേൻ നേതാക്കൾ അറിയിച്ചു.

അമ്പത് ശതമാനം സീറ്റിൽ പ്രവേശനത്തിനുളള സ്വാതന്ത്ര്യം വേണം. ഇത് മെരിറ്റ് അട്ടിമറിക്കാനല്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് തെറ്റായാണ് സർക്കാരിനെ നിയമോപദേശകർ ധരിപ്പിച്ചിരിക്കുന്നത്. ചെലവ് കൂടിയതിനാൽ മെഡിക്കൽ ഫീസ് കൂട്ടണമെന്നാണ് നിലപാടെന്നും അവർ അറിയിച്ചു. നെടുമ്പാശേരിയിലെ ഹോട്ടലിൽ ചേർന്ന യോഗത്തിൽ ആകെയുളള 22 സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 18 കോളേജുകളുടെയും പ്രതിനിധികൾ പങ്കെടുത്തു.