വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണത്തിൽ പരാതിക്കാരനായ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാർ ഇന്ന് വീണ്ടും ആശുപത്രി സൂപ്രണ്ടിനെ കാണും.
കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണത്തിൽ പരാതിക്കാരനായ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാർ ഇന്ന് വീണ്ടും ആശുപത്രി സൂപ്രണ്ടിനെ കാണും. തുടർചികിത്സ ഉറപ്പാക്കണമെന്നും സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് 56കാരനായ അബ്ദുൽ ജബ്ബാറിന്റെ ആവശ്യം. അതേസമയം, ചികിത്സ നൽകുന്നതിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ട്.
ജൂലൈ 26ന് രാത്രിയിൽ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അബ്ദുൽ ജബ്ബാർ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിയത്. എന്നാൽ, പരിശോധനയിൽ സ്ട്രോക്ക് ഉണ്ടായ കാര്യം തിരിച്ചറിയാതെ വേദനസംഹാരികൾ നൽകി തിരിച്ചയച്ചെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. രാത്രിയിൽ വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴും സമാനമായ ചികിത്സയാണ് ലഭിച്ചതെന്നും പരാതിയിൽ പറയുന്നു.
പിറ്റേന്ന് രാവിലെ ആശുപത്രിയിലെത്തി സർജനെ കണ്ടപ്പോഴാണ് സ്ട്രോക്ക് ഉണ്ടായതായും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും അറിയിച്ചതെന്നാണ് അബ്ദുൽ ജബ്ബാർ പറയുന്നത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും കാലിന്റെ ചലനശേഷി വീണ്ടെടുക്കാനായില്ല. ഒടുവിൽ കാൽ മുറിച്ചുമാറ്റേണ്ടി വന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു.
ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ നേരത്തെ തന്നെ പരാതി അറിയിച്ചിരുന്നെങ്കിലും വിഷയം ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചതെന്നും അബ്ദുൽ ജബ്ബാർ ആരോപിച്ചിരുന്നു. എന്നാൽ, ചികിത്സയിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്












