തിരുവനന്തപുരം: അപടകത്തില്‍ ഗുരുതര പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച യുവാവിന് അടിയന്തര ചികില്‍സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ എഴുതി വച്ചശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയതെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു . 

രാവിലെ കുണ്ടമണ്‍കടവ് പാലത്തിലാണ് ബൈക്കുകള്‍ കൂട്ടിമുട്ടി അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ മാധവപുരം സ്വദേശി ബിബിന്‍ ബൈജുവിനെ ഒന്‍പതരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞെന്നും ബന്ധുക്കള്‍ പറയുന്നു. 

അതേസമയം തലയ്ക്ക് ഗുരുതര പരുക്കേറ്റെത്തിയ ബിബിന് കൃത്യമായ ചികില്‍സ നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു . തലയുടേയും വയറിന്റെയും സിടി സ്‌കാന്‍ എടുത്തശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചു. സര്‍ജറി, ന്യൂറോ സര്‍ജറി ഡോക്ടര്‍മാര്‍ രോഗിയെക്കണ്ട് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍ സ്വമേധയാ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് എഴുതിവച്ചശേഷം രോഗിയെ ബന്ധുക്കള്‍ കൊണ്ടുപോവകുയാണ് ഉണ്ടായതെന്നും ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.