ആര്‍സിസിയില്‍ മൂന്ന് തവണ എച്ച്ഐവി കണ്ടെത്തിയ ആളുടെ രക്തം വീണ്ടും സ്വീകരിച്ചു

തിരുവനന്തപുരം: ആര്‍സിസിയുടെ രക്തബാങ്ക് പ്രവർത്തിക്കുന്നത് അടിസ്ഥാന മാർഗനിര്‍ദേശങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം. എച്ചൈഐവി ഫലം പോസിറ്റീവെന്ന് കണ്ടെത്തിയ 
ആളുടെ രക്തം വീണ്ടും സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന, ട്രാന്‍സ്ഫ്യൂഷൻ മെഡിസിൻ ഡോക്ടറുടെ കത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ആര്‍സിസിയില്‍ നിന്ന് ശ്രീചിത്രയിലേക്ക് നല്‍കിയ രക്തത്തിലും രോഗാണുക്കളെ കണ്ടെത്തിയതായും വ്യക്തമായി.

രക്തം നൽകാനെത്തുന്നവരുടെ വിശദാംശങ്ങള്‍ , അവര്‍ക്ക് ഏതെങ്കിലും തരത്തിലുളള രോഗങ്ങൾ ഉണ്ടോ എന്നടക്കം അറിയാനാണ് കൗണ്‍സിലിങ് നടത്തുക. എന്നാല്‍ ആര്‍സിസിയില്‍ രക്തം നല്‍കാമനെത്തുന്നവർക്ക് ഈ കടന്പകള്‍ ഒന്നും കടക്കേണ്ട. യാതൊരു കാര്യങ്ങളും നടക്കാറില്ലെന്ന് ദാതാക്കള്‍ പറയുന്നു.

ദാതാവിന് കൗണ്‍സിലിങ് , രക്തം സ്വീകരിക്കുന്ന രീതി , ഗ്രൂപ്പിങ് , ക്രോസ് മാച്ചിങ് , അടക്കം കാര്യങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വകുപ്പിലെ തന്നെ ഡോക്ടര്‍ വകുപ്പ് മേധാവിക്ക് കത്തെഴുതി. മൂന്ന് തവണ എച്ച്ഐവി പോസറ്റീവാണെന്ന് കണ്ടെത്തിയ ആളുടെ രക്തം വീണ്ടും വീണ്ടും സ്വീകരിച്ചതിലൂടെ ആര്‍സിസിക്ക് വലിയ പാളിച്ച ഉണ്ടായി. ഏറ്റവും ഒടുവില്‍ 29.9.2017ന് വീണ്ടും രോഗ ബാധ കണ്ടെത്തി. 

വിവാദമായപ്പോള്‍ മാത്രമാണ് ദാതാവിനെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വീഴ്ചകള്‍ ഇല്ലെന്നാണ് ആര്‍സിസിയുടെ നിലപാട്. കൗണ്‍സിലിങ്ങിനായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പരിശോധന ഫലത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ദാതാക്കളെ രഹസ്യമായി അറിയിക്കാറുണ്ടെന്നും വിശദീകരിക്കുന്നു . ഇതിലും വലിയ പ്രശ്നമുണ്ടായത് കഴിഞ്ഞ വര്‍ഷം ഒക്ടബോർ മൂന്നിനാണ് . ശ്രീചിത്രയിലേക്ക് ആര്‍സിസി രക്തബാങ്കിൽ നിന്ന് നൽകിയ 10 യൂണിറ്റ് രക്തഘടകത്തില്‍ ഒരെണ്ണം എച്ച് ഐ വി പോസിറ്റീവായിരുന്നു.

എന്നാല്‍ ആര്‍സിസിയിലെ പരിശോധനയില്‍ ഇത് കണ്ടെത്തിയില്ല. ഇത് പരിശോധനകളിലെ വീഴ്ചയാണെന്ന് ആര്‍സിസിക്കുള്ളിലെ ഒരു വിഭാഗം ഉറപ്പിച്ചു പറയുന്ന . ഈ രക്തഘടകങ്ങള്‍ ശ്രീചിത്ര സശിപ്പിക്കുകയും ഇക്കാര്യം ആര്‍സിസിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അതൊരു സംശയകരമായ ഫലം മാത്രമായിരുന്നുവെന്നും രക്തഘടകങ്ങളെല്ലാം നശിപ്പിച്ചുവെന്നുമാണ് ആര്‍സിസിയുടെ വിശദീകരണം. എലിസ പരിശോധന ഉപകരണത്തിൽ റീ ഏജന്‍റ് മാറി ഉപയോഗിച്ചത് ആര്‍സിസി അറിഞ്ഞത് രണ്ട് വര്‍ഷം കഴിഞ്ഞാണ്. വേണ്ടത്ര ഗുണനിലവാരമില്ലാത്ത റീ എജന്‍റുപയോഗിച്ച് പരിശോധന നടന്നത് രണ്ട് വര്‍ഷം. ഒടുവില്‍ കാര്യങ്ങള്‍ മനസിലാക്കി വന്നപ്പോള്‍ കേസ് ആയി. ഗുണനിലവാര പരിശോധന നടക്കുന്നില്ലെന്നതിന് തെളിവാണിത്.