Asianet News MalayalamAsianet News Malayalam

മെഡിക്കല്‍ പ്രവേശനം; മാനേജ്മെന്റുകളും ബാങ്കുകളും വിട്ടുവീഴ്ച ചെയ്യണമെന്ന് മുഖ്യമന്ത്രി

medical seat allotment
Author
First Published Aug 29, 2017, 8:21 PM IST

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള ഗ്യാരണ്ടി തുകയിൽ മാനേജ്മെന്റുകളും ബാങ്കുകളും വിട്ടുവീഴ്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഫീസ് കുത്തനെ ഉയർന്നതിൽ സർക്കാറിനെതിരെ പ്രവേശനത്തിനെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു.സർക്കാറും മാനേജ്മെന്റുകളും തമ്മിലെ ഒത്തുകളിയാണ് എല്ലാറ്റിനും കാരണമെന്നും പ്രതിപക്ഷം വിമർശിച്ചു.

പ്രതിഷേധവും നിരാശയും ആശങ്കയും മാത്രമാണ് മെഡിക്കൽ പ്രവേശനം നടന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിന് മുന്നിൽ ഉയർന്നത്. എങ്ങിനെ ഒറ്റയടിക്ക് 6 ലക്ഷം കൂടി കണ്ടെത്തും.ഗ്യാരണ്ടിയിൽ മുഖ്യമന്ത്രി വെച്ച ഉറപ്പ് പാലിക്കപ്പെടുമോ. പ്രവേശനം വേണ്ടെന്ന് വെച്ചാൽ എന്തുചെയ്യും അങ്ങിനെ അടിമുടി ആശയക്കുഴപ്പം.

പ്രതിഷേധം കനത്തതോടെയാണ് സർക്കാറിന്റെ അവസാന നിമിഷത്തെ ഇടപെടൽ. ആറ് ലക്ഷം ഗ്യാരണ്ടിയിൽ നാളെ ബാങ്ക് പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തും. എന്നാൽ സുപ്രീംകോടതി വരെ പോയി ഗ്യാരണ്ടി നേടിയെടുത്ത മാനേജ്മെന്റുകൾ മുഖ്യന്ത്രിയുടെ അഭ്യർത്ഥന കേൾക്കുമോ എന്ന് വ്യക്തമല്ല. ചർച്ചക്കുള്ള അവസരങ്ങളൊന്നും സർക്കാർ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന പരാതിയാണ് പ്രതിപക്ഷവും മാനേജ്മെന്റുകളും ഉന്നയിക്കുന്നത്.

അന്തിമഫീസ് നേരത്തെ നിശ്ചയിക്കാനുള്ള നീക്കം ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി തുടങ്ങി. ഒക്ടോബർ അവസാനത്തോടെ അന്തിമഫീസ് തീരുമാനിച്ച് കോടതിയെ അറിയിക്കുമെന്നു് ജസ്റ്റിസ് രാജേന്ദ്രബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നത്തെ പ്രവേശന നടപടികൾ തീരുമ്പോൾ ഒഴിവു വരുന്ന സീറ്റിലേക്ക് നാളെയും മറ്റന്നാളും സ്പോട്ട് അഡ്മിഷൻ നടക്കും.

Follow Us:
Download App:
  • android
  • ios