തിരുവനന്തപുരം: നീറ്റ് നിലവില്‍ വന്നിട്ടും മെഡിക്കല്‍ സീറ്റ് കച്ചവട സംഘം സജീവം. വന്‍ തുക കമ്മീഷന്‍ നല്‍കിയാല്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. മുഴുവന്‍ സീറ്റിലേക്കും സര്‍ക്കാറാണ് ഈ വര്‍ഷം മുതല്‍ പ്രവേശനം നടത്തുന്നതെങ്കിലും സീറ്റ് ഉറപ്പാക്കാന്‍ വേറെ വഴികളുണ്ടെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും പണം തട്ടുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തായത്.

തലവരിയും മാനേജ്‌മെന്റിന്റെ പ്രത്യേക പ്രവേശനവുമൊക്കെ തടഞ്ഞ് എല്ലാം നീറ്റാക്കുകയാണ് ഏകീകൃത പരീക്ഷയുടെ ലക്ഷ്യം. എന്നാല്‍ നീറ്റ് വന്നിട്ടും മെഡിക്കല്‍ സീറ്റ് കച്ചവടലോബി രംഗത്തുണ്ട്. നീറ്റ് പരീക്ഷ തീര്‍ന്നതു മുതല്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആദ്യം ഫോണില്‍ വിളിച്ച് കച്ചവടം തുടങ്ങും. പിന്നീട് നേരില്‍ കാണാന്‍ ആവശ്യപ്പെടും. ഫോണ്‍ വിളിച്ചത് പ്രകാരം തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സ്റ്റഡി വേള്‍ഡ് എന്ന സ്ഥാപനത്തിലേക്ക് നടത്തിയ അന്വേഷണത്തില്‍ ആദ്യം തന്നെ ഓഫീസ് അസിസ്റ്റന്റ് കച്ചവടമുറപ്പിക്കുന്നു.

' നമുക്ക് സര്‍വ്വീസ് ചാര്‍ജ്ജാണ് ഉള്ളത്. അത് നമുക്ക് വരുന്നത് ഒരുലക്ഷമാണ്. ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കും. 
നീറ്റ് ക്ലാളിഫൈ ചെയ്താല്‍ കേരളത്തില്‍ എവിടെ വേണേലും അഡ്മിഷന്‍ തരാം.
തിരുവനന്തപുരത്ത് ഗോകുലം,എസ് യുടി വട്ടപ്പാറ, സിഎസ്‌ഐ കാരക്കോണം, കൊല്ലത്ത് മെഡിസിറ്റി, അസീസിയ, തൊടുപുഴ അല്‍-അസ്ഹര്‍, വര്‍ക്കല എസ് ആര്‍, മൗണ്ട് സിയോണ്‍-എവിടെ വേണമെങ്കിലും സീറ്റ് കിട്ടും.'- ഓഫീസ് അസിസ്റ്റന്റ്


സീറ്റ് ലഭിക്കുന്നതിന് ഏജന്‍സിക്കുള്ള ഫീസും കൃത്യമായി അവര്‍ പറഞ്ഞു. ഒരുലക്ഷം രൂപ. സീറ്റ് ഇപ്പോള്‍ ബുക്ക് ചെയ്യണം. ബാക്കി അഡ്മിഷന് ശേഷം ആദ്യം അന്‍പതിനായിരം അടക്കണം. അഡ്മിഷന്‍ ശരിയായാല്‍ ബീക്ക് അന്‍പതിനായിരം. തലവരി ചോദിച്ചാല്‍ അത് നല്‍കണം. ഇല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ ശരിയാക്കിത്തരാമെന്നാണ് വാഗ്ദാനം.

സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ സീറ്റിലും പ്രവേശന പരീക്ഷ കമ്മീഷണറാണ് പ്രവേശനം നല്‍കുന്നത്. അപ്പോള്‍ എങ്ങിനെ നിങ്ങള്‍ പ്രവേശനം ഉറപ്പാക്കുമെന്ന് ചോദിച്ചപ്പോള്‍ രണ്ട് വെബ് സൈറ്റുകളുണ്ട്. നിങ്ങള്‍ ഓപ്പണ്‍ ചെയ്യുന്ന സൈറ്റും നമ്മള്‍ക്ക് കിട്ടുന്ന സൈറ്റും. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങള്‍ നോര്‍മല്‍ സൈറ്റില്‍ ഓണ്‍ ലൈനില്‍ അപേക്ഷിക്കണം അത് വഴി ഞങ്ങള്‍ക്ക് ഇടപെടാം. അഡ്മിഷന് കോളേജിലേക്ക് ഞങ്ങളുടെ സാറും വരും എന്നായിരുന്നു മറുപടി.

'കണ്ടീഷനൊക്കെ പറഞ്ഞല്ലോ, കഴിഞ്ഞ വര്‍ഷത്തെ റൂള്‍സില്‍ എല്ലാം നടക്കും. ഫീസ് ഗവണ്‍മെന്റ് നിശ്ചയിക്കും. 99 ശതമാനവും ഉറപ്പാണ്. ഒരു ശതമാനം പ്രശ്‌നമുണ്ടായാല്‍ പണം തിരികെ നല്‍കും എന്നാണ് സ്ഥാപനത്തിന്റെ ഡയറക്ടറും നല്‍കിയ ഉറപ്പ്. നീറ്റില്‍ ഇടനിലക്കാര്‍ക്ക് ഒരു റോളുമില്ല. എന്നിട്ടും തട്ടിപ്പ് നിര്‍ബാധം തുടരുകയാണ്. പ്രവേശനം എത്ര ശുദ്ധീകരിച്ചാലും പണം വാങ്ങി അട്ടിമറിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഇത്തരം തട്ടിപ്പുകാരും മാനേജ്‌മെന്റുകളുമായി ഇവര്‍ക്കുള്ള ബന്ധവും അന്വേഷിച് നടപടിയെടുത്താലേ തട്ടിപ്പ് തടയാനാകൂ.