കാരുണ്യ ബനവെലന്റ് ഫണ്ട്, ആര്‍.എസ്.ബി.വൈ, ആരോഗ്യകിരണം, ആര്‍.ബി.എസ്.കെ, ചിസ് പ്ലസ്, ജനനി ജന്മരക്ഷ, താലോലം, സ്നേഹ സാന്ത്വനം, ആദിവാസി ചികില്‍സ പദ്ധതികള്‍ എന്നിവയാണ് മരുന്നുകളുടെയും മറ്റ് ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തുന്നതോടെ നിലയ്‌ക്കുന്നത്. ഈ പദ്ധതികളിലേക്കാവശ്യമായ മരുന്നുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കിയിരുന്നത് കാരുണ്യ ഫാര്‍മസികളില്‍ നിന്നായിരുന്നു. മരുന്നുകളും ഉപകരണങ്ങളും നല്‍കി 30 ദിവസത്തിനുള്ളില്‍ പണം ആശുപത്രികള്‍ കാരുണ്യ ഫാര്‍മസിയിലേക്ക് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പല പദ്ധതികള്‍ക്കും നാലു കൊല്ലത്തെ വരെ തുക കുടിശികയുണ്ട്. മെഡിക്കല്‍ കോളജുകള്‍ മാത്രം 11.2 കോടി രൂപയാണ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന് നല്‍കാനുള്ളത്. മറ്റു ആശുപത്രികള്‍ നല്‍കാനുള്ളത് 2.92 കോടി. ഇതോടെയാണ് കോര്‍പറേഷന്‍ വിതരണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. പദ്ധതി നിര്‍ത്തുന്നതിന് മുമ്പ് ഇക്കാര്യം ആശുപത്രികളെ രേഖാമൂലം മെഡി.കോര്‍പറേഷനും ആരോഗ്യസെക്രട്ടറിയും അറിയിച്ചു.

ഒക്ടോബര്‍ ആറിനും 15നും അയച്ച കത്തുകളില്‍ ഒക്ടോബര്‍ 22ഓടെ പണം നല്‍കിയില്ലെങ്കില്‍ മരുന്ന് വിതരണം നിര്‍ത്തുമെന്ന് കൃത്യമായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പല ആശുപത്രികള്‍ക്കും ഈ തുക നല്‍കാന്‍ പണമില്ല. ആന്റെ സൗജന്യ പദ്ധതികളിലേക്കുള്ള ഫണ്ട് അനുവദിക്കണമെന്ന് സര്‍ക്കാരിനോടും ആശുപത്രികള്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരും ഗൗനിച്ചില്ല. 

മരുന്ന് വിതരണം നിലയ്‌ക്കുന്നതോടെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ പദ്ധതികളുടെ ഗുണം കിട്ടാതെവരുമെന്ന് മാത്രമല്ല ആയിരങ്ങള്‍ വില വരുന്ന മരുന്നുകളും ലക്ഷങ്ങള്‍ വില വരുന്ന സ്റ്റെന്‍റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പണം കൊടുത്ത് വാങ്ങേണ്ടിയും വരും . സൗജന്യ പ്രസവ ശുശ്രൂഷ മുതല്‍ കുഞ്ഞുങ്ങളുടെ സൗജന്യ ചികിത്സ, ഡയാലിസിസ്, ഹൃദ്രോഗ ചികില്‍സകള്‍ എന്നിവയടക്കം എല്ലാം നിലയ്ക്കുകയാണ്.