സൗജന്യ ചികിത്സാ പദ്ധതികളിലേക്കുള്ള മരുന്ന് വിതരണം ബുധനാഴ്ചയോടെ അവസാനിപ്പിക്കുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. 12 കോടി രൂപ കുടിശിക കിട്ടാത്തപക്ഷം മരുന്ന് സംഭരണം മുടങ്ങുമെന്നും കോര്‍പറേഷന്‍ അറിയിച്ചു. മരുന്ന് വിതരണം നിര്‍ത്തിയാല്‍ കാരുണ്യ, ആര്‍.എസ്.ബി.വൈ, ചിസ് പ്ലസ് എന്നിവയടക്കമുള്ള സൗജന്യ ചികിത്സകളെല്ലാം മുടങ്ങും.
മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയ വകയില്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ 9,48,45129 രൂപയാണ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന് നല്‍കാനുള്ളത്. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികള്‍ 2,18,29951 രൂപയും നല്‍കാനുണ്ട്. കുടിശിക 12 കോടിയോടടുത്തതോടെ മരുന്ന് സംഭരണം പാളുന്ന അവസ്ഥ. ഈ സാഹചര്യത്തിലാണ് കോര്‍പറേഷന്റെ കടുത്ത തീരുമാനം. പണം നല്‍കാത്ത പക്ഷം ബുധനാഴ്ചയോടെ മരുന്ന് വിതരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കും. ഇക്കാര്യം ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ തന്നെ ആശുപത്രി മേധാവികളുടെ യോഗത്തില്‍ അറിയിക്കുകയും ചെയ്തു.
മരുന്ന് വിതരണം നിര്‍ത്തിയാല്‍ കാരുണ്യ ബനവലന്‍റ് ഫണ്ട്, ആര്‍.എസ്.ബി.വൈ, ആരോഗ്യകിരണം, ആര്‍.ബി.എസ്.കെ, ചിസ് പ്ലസ്, ജനനി ജന്മരക്ഷ, താലോലം, സ്നേഹ സാന്ത്വനം, ആദിവാസി ചികിത്സാ പദ്ധതികള്‍ എന്നിവ നിലയ്ക്കും. എന്നാല്‍ പല ആശുപത്രികള്‍ക്കും ഈ തുക നല്‍കാന്‍ പണമില്ല. സര്‍ക്കാര്‍ നല്‍കേണ്ട പണം നല്‍കിയിട്ടുമില്ല. പകരം ആര്‍.എസ്.ബി.വൈ പദ്ധതിയുടെ ഫണ്ട് വകമാറ്റാനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
