തിരുവനന്തപുരം: ഈ മാസം മുപ്പതിന് ഔഷധ വ്യാപാരികള്‍ രാജ്യ വ്യാപകമായി കടയടപ്പ് സമരം നടത്തുന്നു. വില നിയന്ത്രണ ഉത്തരവ് പരിഷ്‌കരിക്കുക, രാസനാമത്തില്‍ മരുന്ന് കുറിക്കണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിന് വ്യക്തത വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഓണ്‍ലൈന്‍ ഫാര്‍മസിയിലൂടെയും ഇ പോര്‍ട്ടലുകളിലൂടെയുമുള്ള മരുന്ന വില്‍പ്പന മരുന്നുകളുടെ ദുരുപയോഗത്തിന് കാരണമാകുന്നു എന്ന് ആക്ഷേപമുണ്ട്. രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനൊപ്പം ജീവന്‍ രക്ഷാ മരുന്നുകള്‍ ലഹരി ആവശ്യത്തിന് ഉപയോഗിക്കുന്നതിനും ഓണ്‍ലൈന്‍ ഫാര്‍മസികള്‍ കാരണമാകുന്നു എന്നാണ് ഔഷധ വ്യാപാപരികള്‍ പറയുന്നത്.

ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്റ്റ് പൂര്‍ണമായും നടപ്പിലാക്കുക, ജിഎസ്ടി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഔഷധ വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. 

രാജ്യത്തെ എട്ടര ലക്ഷത്തിലധികം വരുന്ന ഔഷധ വ്യാപാരികളാണ് മെയ് മുപ്പതിന് നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുക.