കൊച്ചി: കൊച്ചിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്‌നിമിന്റെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുവെന്ന് ആരോപണം. മരിച്ചെന്ന് ഉറപ്പുണ്ടായിട്ടും ചികിത്സക്കെന്ന വ്യാജേന ഷംനയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്ന് സമ്മതിക്കുന്ന ഡ്യൂട്ടി ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നു.

2016 ജൂലെ 18നായിരുന്നു കൊച്ചി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന കണ്ണൂര്‍ സ്വദേശിനി ഷംന തസ്‌നിം ചികില്‍സക്കിടെ മരിച്ചത്. പനിയെ തുടര്‍ന്ന് പഠിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷംന ചികില്‍സാപിഴവിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ആക്ഷേപം. 

ഡോക്ടര്‍മാരുടെ പിഴവാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച പിതാവ് കെ.എ അബൂട്ടി ഇതിനെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്ത് വിട്ടു. ഷംനയെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍ സീനിയര്‍ ഡോക്ടര്‍മാരെ ഭയന്ന് മരണ വിവരം മറച്ച് വച്ചെന്നാണ് ഓഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. മരിച്ചെന്ന് മനസ്സിലായിട്ടും മെച്ചപ്പെട്ട ചികിത്സയ്‌ക്കെന്ന വ്യാജേന ഷംനയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച രണ്ട് അന്വേഷണ കമ്മീഷനും കൊച്ചി മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടരമാരുടെ വീഴ്ചയാണ് മരണകാരണം എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറാകാതെ മെഡിക്കല്‍ ബോര്‍ഡ് ഒളിച്ചു കളിക്കുയാണെന്നാണ് ഷംനയുടെ കുടുംബത്തിന്റെ ആരോപണം.