സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ജനറിക് മരുന്നുകള്‍ ക്ഷാമമില്ലാതെ എത്തിക്കാനായി ഈ വര്‍ഷം 319 കോടി രൂപയാണ് സംസ്ഥാന മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനായി ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍ മൂന്നു തവണയായി കോര്‍പറേഷന് കിട്ടിയത് 190 കോടി രൂപ മാത്രമാണ്. ടെണ്ടര്‍ വിളിച്ച 70 ശതമാനം മരുന്നുകളും വിതരണത്തിന് എത്തിച്ചു കഴിഞ്ഞു. ഇതിന് ശേഷം കമ്പനികള്‍ക്ക് പണം നല്‍കേണ്ട തിയതികള്‍ പലതുകഴിഞ്ഞിട്ടും തുക നല്‍കാന്‍ ധനവകുപ്പ് തയാറായിട്ടില്ല . മരുന്ന് നല്‍കി 45 ദിവസത്തിനകം പണം നല്‍കണമെന്നതാണ് ടെണ്ടര്‍ വ്യവസ്ഥ. ഇത് ലംഘിക്കപ്പെട്ടതോടെ അടുത്ത വര്‍ഷത്തെ ടെണ്ടറില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് മിക്ക കമ്പനികളും

ടെണ്ടര്‍ വ്യവസ്ഥ ലംഘിച്ചാല്‍ നിയമ നടപടികളിലേക്ക് നീങ്ങാന്‍ മരുന്ന് കമ്പനികള്‍ക്ക് കഴിയുമെങ്കിലും അങ്ങനെ ചെയ്താല്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നതിനാല്‍ കമ്പനികള്‍ നിയമനടപടി ഒഴിവാക്കുകയാണ്. അതേസമയം സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ 100 കോടിയെങ്കിലും ഉടന്‍ അനുവദിക്കണമെന്ന് കോര്‍പറേഷന്‍ രേഖാമൂലം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഫയല്‍ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു.