റിയാദ്: സൗദിയില്‍ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന വാറ്റില്‍ നിന്ന് മരുന്നും താമസ വാടകയും ഉള്‍പ്പെടെ പലതും ഒഴിവാക്കി. വാറ്റ് ബാധകമല്ലാത്ത സാധനങ്ങളുടെയും സേവനങ്ങളുടെയും ലിസ്റ്റ് അധികൃതര്‍ പ്രസിദ്ധീകരിച്ചു.

അടുത്ത ജനുവരി ഒന്ന് മുതലാണ്‌ സൗദിയില്‍ പുതിയ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വരുന്നത്. ഇതിനു മുമ്പ് ഇതു സംബന്ധമായ നിയമങ്ങളെ കുറിച്ച് വിശദമായി പഠിക്കണമെന്ന് വ്യാപാരികളോട് ജനറല്‍ അതോരിറ്റി ഓഫ് സക്കാത്ത് ആന്‍ഡ്‌ ടാക്സ് ആവശ്യപ്പെട്ടു. ഭൂരിപക്ഷം വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനമാണ് വാറ്റ് ഈടാക്കുക. എന്നാല്‍ പല സാധനങ്ങളും സേവനങ്ങളും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെയും, ഡ്രഗ് ആന്‍ഡ്‌ ഫുഡ്‌ അതോറിറ്റിയുടെയും അംഗീകാരമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്ക് വാറ്റ് ഉണ്ടായിരിക്കില്ല. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറത്തേക്കുള്ള കയറ്റുമതി, അന്താരാഷ്‌ട്ര ഗതാഗത സേവനങ്ങള്‍, താമസ വാടക, നിക്ഷേപ ആവശ്യത്തിനുള്ള തൊണ്ണൂറ്റിയൊമ്പത് ശതമാനം പരിശുദ്ധമായ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവക്കും നികുതി ഈടാക്കില്ല. പാസ്പോര്‍ട്ട്‌ സേവനങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയോ പുതുക്കുകയോ ചെയ്യല്‍, ലൈഫ് ഇന്‍ഷുറന്‍സ്, ഡിപ്പോസിറ്റ് ആന്‍ഡ്‌ സേവിംഗ് ബാങ്ക് അക്കൌണ്ട് തുടങ്ങിയ സേവനങ്ങളെയും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്ത് ലക്ഷം റിയാലില്‍ കൂടുതല്‍ പ്രതിവര്‍ഷ വരുമാനമുള്ള സ്ഥാപനങ്ങള്‍ ഈ ഡിസംബര്‍ ഇരുപതിന് മുമ്പ് വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വരുമാനം മൂന്നേമുക്കാല്‍ ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയില്‍ ആണെങ്കില്‍ അടുത്ത വര്ഷം ഡിസംബര്‍ ഇരുപതിന് മുമ്പ് രജിസ്റ്റര്‍ ചെയ്‌താല്‍ മതി.