തിരുവനന്തപുരം: അര്‍ബുദരോഗികള്‍ക്കുള്ള മരുന്ന് വിതരണം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നിര്‍ത്തി. സുകൃതം പദ്ധതി വഴി ചികില്‍സ തേടുന്ന രോഗികളോടാണ് ക്രൂരത. മരുന്ന് നല്‍കിയ വകയില്‍ കോടികള്‍ കുടിശിക വന്നതോടെയാണ് കോര്‍പറേഷന്‍റെ നടപടി. കുടിശിക നല്‍കിയില്ലെങ്കില്‍ കാരുണ്യയും ചിസ് പ്ലസുമടക്കം മറ്റ് ചികില്‍സ പദ്ധതികളിലേക്കുള്ള മരുന്ന് വിതരണവും നിര്‍ത്താനാണ് നീക്കം. കുടിശിക ഉടനടി നല്‍കണമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രികള്‍ക്ക് കത്തയച്ചു
സര്‍ക്കാരിന്‍റെ സൗജന്യ ക്യാന്‍സര്‍ ചികില്‍സ പദ്ധതിയില്‍ ചികില്‍സ തേടുന്നവരുടെ ഇന്നത്തെ അവസ്ഥയാണിത്. സൗജന്യവുമില്ല മരുന്നും മുടങ്ങി. പദ്ധതി അനുസരിച്ച് മരുന്ന് ലഭ്യമാക്കിയിരുന്നത് കാരുണ്യ ഫാര്‍മസികളില്‍ നിന്നായിരുന്നു. എന്നാല്‍ കിട്ടാനുള്ള പണം അഞ്ചരക്കോടിയായതോടെ മെഡിക്കല്‍ കോര്‍പറേഷന്‍ മരുന്ന് നല്‍കുന്നത് നിര്‍ത്തി.
ഇതോടെ ആയിരകണക്കിന് രോഗികള്‍ക്കാണ് ചികില്‍സ മുടങ്ങിയത്. കീമോ തെറാപ്പി മുടങ്ങി. സ്വകാര്യ ഫാര്‍മസികളില്‍ നിന്ന് മരുന്ന് വാങ്ങിയ ഇനത്തിലുള്ള ആശുപത്രികളുടെ കടം പതിനാലരക്കോടി രൂപയുമായി. ഇതിനൊപ്പമാണ് കാരുണ്യ, ആര്‍ എസ് ബി വൈ , ആരോഗ്യകിരണം, ആര്‍ ബി എസ് കെ, ചിസ് പ്ലസ്, ജനനി ജന്മരക്ഷ, താലോലം, സ്നേഹ സാന്ത്വനം, ആദിവാസി ചികില്‍സ പദ്ധതികള്‍ എന്നിവയിലേക്കുള്ള മരുന്ന് വിതരണവും നിര്‍ത്തിവയ്ക്കുമെന്നുള്ള മെഡിക്കല്‍ കോര്‍പറേഷന്‍റെ മുന്നറിയിപ്പ്.
ഈ പദ്ധതികളിലേക്ക് മരുന്നുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും നല്‍കിയ വകയില്‍ ആറുകോടി 29ലക്ഷത്തി 71583 രൂപയാണ് കുടിശിക. 12 കോടി കുടിശിക അനുവദിച്ചുകിട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന അവസ്ഥയിലാണ് കോര്‍പറേഷന്‍. ഇക്കാര്യം വ്യക്തമാക്കി കോര്‍പറേഷന്‍ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി ഓഫിസിന്‍റെ ഇടപെടല്‍.
പക്ഷേ സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും കനിയാതെ തുക നല്‍കാനാകില്ലെന്നാണ് ആശുപത്രികളുടെ നിലപാട്. ആശുപത്രി വികസന ഫണ്ടില്‍ നിന്ന് തുക വകമാറ്റി ചെലവഴിച്ചാല്‍ ദൈനംദിന കാര്യങ്ങള്‍ക്കുപോലും തടസമുണ്ടാകുമെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.
