വയനാട്: വർഷങ്ങളായി വാടകകെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും മോചനമില്ലാതെ സുൽത്താൻ ബത്തേരിക്കടുത്ത മീനങ്ങാടിയിലെ ഗോത്രവർഗ വിദ്യാർഥികളുടെ പ്രീമെട്രിക് ഹോസ്റ്റൽ.  അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കുട്ടികളെ ദുരിതത്തിലാക്കുകയാണിപ്പോൾ. പട്ടികവർഗ വികസന വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചവരുന്ന ഈ ഹോസ്​റ്റലില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ മുപ്പതോളം ഗോത്രവര്‍ഗ വിഭാഗം വിദ്യാർഥികളാണ് താമസിച്ച് പഠിക്കുന്നത്. 

മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഈ ഹോസ്​റ്റൽ പ്രവർത്തിക്കുന്നത്. പഠിക്കാൻ കഴിയുന്ന തരത്തിലുള്ള അന്തരീക്ഷം കെട്ടിടത്തിൽ ഇല്ലെന്ന് വിദ്യാർഥികൾ പറയുന്നു. വസ്ത്രങ്ങൾ കഴുകാനോ ആറിയിടാനോ മതിയായ സൗകര്യങ്ങളില്ല. നിരവധി വിദ്യാർഥികളാണ് ഒരു മുറിയിൽ തന്നെ കഴിഞ്ഞു കൂടുന്നത്.

ഹോസ്​റ്റലില്‍ നിന്നും രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഒന്നു മുതല്‍ എഴാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ മീനങ്ങാടി സര്‍ക്കാര്‍ സ്കൂളിൽ എത്തുന്നത്.  ഒന്നുമുതൽ നാലുവരെയുള്ളവർ മീനങ്ങാടി എൽ.പിയിലും മറ്റുള്ളവർ മീനങ്ങാടി ഹൈസ്കൂളിലുമാണ് പഠിക്കുന്നത്.   കുട്ടികൾക്ക് പുറമെ വാർഡൻ, വാച്ചർ, കുക്ക് എന്നിവരും ഹോസ്​റ്റലിലുണ്ട്. മതിയായ സൗകര്യങ്ങളോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. സ്‌കൂളിനടുത്ത് ഭൂമി ലഭ്യമാകാത്താതാണ് കെട്ടിടം പണിയാന്‍ തടസമാകുന്നതെന്നാണ് ഉദ്വോഗസ്ഥരുടെ വിശദീകരണം.