കൊച്ചി: പത്ത് പെണ്‍മക്കളുള്ള ഒരമ്മയുണ്ട് എറണാകുളം തേവരയില്‍. പെണ്‍കുട്ടികള്‍ ബാധ്യതയാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കും പൗളിന്‍ സിമേന്തിയെന്ന എണ്‍പതുകാരി. ഡെപ്യൂട്ടി കലക്ടര്‍ സ്‌കൂള്‍ സ്‌കൂള്‍പ്രിന്‍സിപ്പല്‍ വരെയുണ്ട് മക്കളില്‍. പ്രായം എണ്‍പത് കടന്നതിന്റെ അല്‍പം ഓര്‍മക്കുറവുണ്ടെങ്കിലും പത്ത് മക്കളെയും വളര്‍ത്തിയതിന്റെ സന്തോഷവും സ്‌നേഹവും ഇന്നും ആ മുഖത്തുണ്ട്.

18ാം വയസില്‍ വിവാഹിതയായി പൗളിന്‍ സിമേന്തി ആദ്യമകള്‍ക്ക് ജന്മം നല്‍കി. അടുത്തത് ആണാവും എന്നുകരുതി സമ്മാനപ്പൊതികളുമായി എത്തിയവര്‍ക്ക് അമ്മ ഓന്നര വര്‍ഷത്തെ ഇടവേളകളില്‍ പെണ്‍കുഞ്ഞുങ്ങളെ സമ്മാനിച്ചുകൊണ്ടിരുന്നു. അമ്മ പ്രസവം അവസാനിപ്പിച്ചത് 10-ാമത്തെ മകളിലാണ്. 

പെണ്‍മക്കളായതില്‍ ഭര്‍ത്താവ് ജോണ്‍ ഒരിക്കല്‍പോലും പരിഭവപ്പെട്ടില്ലെന്ന് അമ്മ പറയുന്നു. ആദ്യമകള്‍ ഹെലന് ഇപ്പോള്‍ വയസ് 62ആയി. ഇളയവള്‍ ഷര്‍ലിക്ക് 49ഉം. പത്ത് മക്കളില്‍ തിരുവസ്ത്രമണിഞ്ഞ സിസ്റ്റര്‍ സെറ്റല്ലയോട് അല്‍പം ഇഷ്ടം കൂടുതലെന്ന് പൗളിന്‍ സിമേന്തി പറയുന്നു. പത്ത് പേരും ചേര്‍ന്ന കുട്ടിക്കാലത്തെ കുറിച്ച് മക്കളും ഏറെ സന്തോഷത്തോടെയാണ് ഓര്‍ക്കുന്നത്.

ഭര്‍ത്താവിന്റെ മരണശേഷം ഭര്‍ത്താവിന്റെ പെങ്ങള്‍ അപ്ലോനിയുമൊത്താണ് മക്കളെ പഠിപ്പിച്ചത്. ഏതായാലും കഷ്ടപാടുകള്‍ക്കും കുത്തുവാക്കുകള്‍ക്കും അപ്പുറം മക്കളെല്ലാം നല്ല നിലയിലെത്തിയ സന്തോഷത്തിലാണ് ഈ അമ്മ.