കത്വവയിലെ പെണ്‍കുട്ടിയുടെ മരണം; അന്വേഷണത്തില്‍ ഹീറോയായി ഈ പോലീസുകാരന്‍

First Published 14, Apr 2018, 6:18 PM IST
Meet This Police Officer From the JK Crime Branch Who Cracked the Case
Highlights
  • രാജ്യത്തെ പിടിച്ചുകുലുക്കിയ ജമ്മു-കാശ്മീരിലെ കത്വവയിലെ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ചര്‍ച്ചയായത് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തോടെയാണ്

ജമ്മു: രാജ്യത്തെ പിടിച്ചുകുലുക്കിയ ജമ്മു-കാശ്മീരിലെ കത്വവയിലെ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ചര്‍ച്ചയായത് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തോടെയാണ്. അന്വേഷണത്തിന്റെ പല ഘട്ടത്തിലും അട്ടിമറിക്കാന്‍ ശ്രമിക്കപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് എസ്പി രമേഷ് കുമാര്‍ ജല്ലയുടെ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് എത്തിച്ചത്. അദ്ദേഹത്തിന്‍റെ ഈ കേസിലെ അന്വേഷണ വഴി ഇങ്ങനെയാണ്.

ജമ്മു-കാശ്മീര്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ക്രൈംബ്രാഞ്ച് എസ്പി രമേഷ് കുമാര്‍ ജല്ലയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഏറ്റെടുത്തത്.  ആ സമയത്ത് പോലീസ് ഫയലില്‍ ആകെ ഉണ്ടായിരുന്നത് മുഖത്തും ദേഹത്തും വസ്ത്രങ്ങളും ചെളി പുരണ്ട നിലയിലുള്ള പെണ്‍കുട്ടിയുടെ ഒരു ഫോട്ടോ മാത്രമായിരുന്നു. ഫോട്ടോ വീണ്ടും വീണ്ടും പരിശോധിച്ച അന്വേഷണ സംഘം ഒരു കാര്യം ഉറപ്പിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചെളിയില്ലാതിരുന്നതിനാല്‍ പെണ്‍കുട്ടി  മറ്റൊരു സ്ഥലത്തുവെച്ചാകാം കൊല്ലപ്പെട്ടിട്ടുണ്ടാകുക.

കൂടുതല്‍ ഫോട്ടോകള്‍ പരിശോധിച്ച സംഘത്തെ ഞെട്ടിച്ച്  കൂടുതല്‍ ഫോട്ടോകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ഇതിലൊന്നിലും മരിച്ച കുട്ടിയുടെ ശരീരത്തില്‍ ചെളിപ്പാടില്ലെന്ന് കണ്ടു.  ഇതോടെയാണ് പോലീസില്‍ ഒരു ഒറ്റുകാരനുണ്ടെന്ന് സംഘം ഉറുപ്പിച്ചു. പിന്നാലെ തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അലക്കിയിരുന്നു എന്നു കൂടി ബോദ്ധ്യപ്പെട്ടപ്പോള്‍ കപ്പലിലെ കള്ളന്‍റെ സാന്നിധ്യം വ്യക്തമായി.

അതുവരെ ഒരു സ്ഥലത്തും പോലീസുകാര്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടെന്ന സൂചന ഇല്ലായിരുന്നു.കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതികളാകട്ടെ പ്രദേശത്തെ ഒരു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന മൊഴിയും നല്‍കി.  റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജിറാമും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കമിട്ടതെന്നും നാലു പോലീസുകാരും ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ് സംഭവത്തിലെ പ്രതികളെന്നു അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടും കുട്ടിക്കുറ്റവാളിയിലേക്ക് മാത്രം കുറ്റം എത്തിക്കാന്‍ പോലീസുകാര്‍ ശ്രമിച്ചുകൊണ്ടിരുന്നു.

പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന ക്ഷേത്രത്തില്‍ അന്വേഷണത്തിനിടെ രമേഷ് കുമാറും സംഘവും എത്തുമ്പോള്‍ ഒരു തെളിവും അവശേഷിപ്പിച്ചിരുന്നില്ല. എന്നാല്‍ സഞ്ജിറാമിന്‍റെ പക്കല്‍ നിന്നും താക്കോല്‍ വാങ്ങി മുറി തുറന്നു പരിശോധിച്ചപ്പോള്‍ കിട്ടിയ മുടിയിഴകള്‍ പദ്ധതി പൊളിച്ചു. ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ അത് പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ചത് ക്ഷേത്രം തന്നെയാണെന്ന് ഉറപ്പാക്കിയത്. വന്‍ എതിര്‍പ്പുകള്‍ മറികടന്ന് സംഭവം പുറം ലോകത്ത് കൊണ്ടുവന്നത് രമേഷ്‌കുമാര്‍ ജല്ല എന്ന പോലീസുകാരനും 38 കാരിയായ ദീപികാ സിംഗ് എന്ന അഭിഭാഷകയുമായിരുന്നു. 

തീവ്ര ഹിന്ദുത്വ സംഘടനകളുടെയും ഒരു കൂട്ടം അഭിഭാഷകരുടെയും കനത്ത എതിര്‍പ്പുകളെ മറികടന്ന ഇരുവരുടേയും നിശ്ചയദാര്‍ഡ്യമാണ് എട്ടുവയസ്സുകാരിയെ കൂട്ട ബലാത്സംഗം നടത്തി കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിയിച്ചത്.  സംസ്ഥാനത്തെ രണ്ടു മന്ത്രിമാരും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരും കേസെടുക്കാതിരിക്കാനും പ്രതികളെ കണ്ടെത്താതിരിക്കാനും ഓരോ ഘട്ടത്തിലും പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും അതിനെയെല്ലാം അവഗണിച്ചായിരുന്നു രമേഷ്‌കുമാറിന്റെ അന്വേഷണ സംഘം മുന്നേറിയത്. 

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കൂട്ടത്തില്‍ ഉണ്ടായിരുന്ന നാലു പോലീസുകാരും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍  ഗൂഡാലോചന നടത്തിയിട്ടും അതിനെയെല്ലാം രമേഷ്‌കുമാര്‍ മറികടന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് ഒന്നരലക്ഷം രൂപ നല്‍കാനും ശ്രമം നടത്തി. കേസ് ശരിയായ ദിശയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ പ്രതികളെ സംരക്ഷിച്ചവരും അവരെ പിന്തുണച്ചിരുന്നവരും പതിയെ മാറിത്തുടങ്ങി. കേസില്‍ പെണ്‍കുട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയ ദീപികയ്ക്കും ആദ്യം മുതല്‍ എതിര്‍പ്പുകളുടെ കൂമ്പാരമായിരുന്നു. പ്രതികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്ന ഹിന്ദു ഏകതാ മഞ്ചും അതിനെ പിന്തുണയ്ക്കുന്ന, പ്രാദേശിക അഭിഭാഷകരുടെ അസോസിയേഷനും   എതിര്‍പ്പുമായി രംഗത്ത് എത്തി. 

സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പ്രാദേശിക ലോയേഴ്‌സ് അസോസിയേഷനും രംഗത്തുണ്ടായിരുന്നു. ഇവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയില്‍ കുറ്റപത്രം തടയുന്നതിനായും രംഗത്തെത്തിയിരുന്നത്. എന്നാല്‍ കോടതി നിശ്ചയിച്ച 90 ദിവസത്തെ കാലാവധിക്ക് പത്തു ദിവസംമുമ്പേ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എന്തു ഭീഷണി ഉണ്ടായാലും പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്നാണ് ദീപിക പറയുന്നത്. 

ജമ്മു കശ്മീര്‍ മന്ത്രി സഭയിലെ ബിജെപി അംഗങ്ങളായ ചൗധരി ലാല്‍ സിംഗ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരും പ്രതികള്‍ക്കായി രംഗത്ത് വന്നു. ഇരുവരും ഇപ്പോള്‍ മന്ത്രിസ്ഥാനം രാജി വെച്ചിട്ടുണ്ട്. ജനുവരി 10 നായിരുന്നു എട്ടു വയസ്സുകാരിയെ കാണാതാകുന്നത്. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം സമീപത്തെ കാട്ടില്‍ നിന്നും ആസിഫയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

loader