കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിട്ടു നിന്നതിനെ തുടര്‍ന്ന് സിറോ മലബാർ സഭയിലെ ഭൂമി വില്പന വിവാദം ചർച്ച ചെയ്യാനായുള്ള നിർണായക വൈദിക സമിതി യോഗം ഉപേക്ഷിച്ചു. ഒരു വിഭാഗം അൽമായ പ്രതിനിധികൾ തടസ്സപ്പെടുത്തിയതിനാലാണ് എത്താനാകാത്തത് കർദിനാൾ യോഗത്തെ അറിയിച്ചു. ഭൂമി വില്പനയിൽ ഗുരുതര വീഴ്ച പറ്റി എന്നാണ് സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്.
ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ വൈദിക സമിതിയിലെ അംഗങ്ങൾ മേജർ ആർച്ച് ബിഷപ്പ് ഹൗസ്സിൽ സമ്മേളിച്ചു. കർദിനാളും സഹായ മെത്രന്മാരും യോഗത്തിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. മൂന്ന് മണി കഴിഞ്ഞും ഇവർ ഇത്താതിരുന്നതോടെ വൈദിക സമിതി സെക്രെട്ടറി കാർദിനാളിന്റെ മുറിയിലെത്തി ക്ഷണിച്ചു. എന്നാൽ അൽമായരായ 3 പേർ യോഗത്തിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് മുറിയിലുണ്ടായിരുന്നു. ഭൂമി വില്പന വിവാദത്തിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അൽമായരും വൈദികരും ഉൾപ്പെടുന്ന പാസ്റ്ററൽ കൗൺസിലിൽ ആദ്യം അവതരിപ്പിക്കണം എന്നായിരുന്നു ഇവരുടെ നിലപാട്. അൽമായർ തടസ്സപ്പെടുത്തുന്നതിനാൽ യോഗത്തിന് എത്താനാകില്ലെന്നു കർദിനാൾ അറിയിച്ചതായി വൈദിക സമിതി സെക്രെട്ടറി പറഞ്ഞു.
ഇതിനിടെ ആറംഗ അന്വേഷണ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നു. ഭൂമി വില്പനയിൽ ഗുരുതര പിഴവാണ് സംഭവിച്ചതെന്നും ഇടനിലക്കാരനായ സജു വർഗീസ് കുന്നേലിനെ കർദിനാളാണ് അതിരൂപതയ്ക്ക് പരിചയപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. സഭയ്ക്ക് 30 മുതൽ 40 കോടി രൂപ വരെ നഷ്ടമുണ്ടായെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
