നിയമപ്രശ്നം പരിഹരിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സമരം ചെയ്യുന്ന കണ്ടക്ടർമാരുടെ കൂട്ടായ്മ പ്രതികരിച്ചു. എന്നാൽ പ്രശ്നത്തിൽ തീരുമാനമാകും വരെ സമരം തുടരുമെന്നും താത്കാലിക കണ്ടക്ടർ കൂട്ടായ്മ പറഞ്ഞു.

തിരുവനന്തപുരം: ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച ആശാവഹമെന്ന് പിരിച്ചുവിട്ട കെ എസ് ആർ ടി സി താൽക്കാലിക കണ്ടകടർമാർ. മുഖ്യമന്ത്രിയും നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം തീരുമാനം അറിയിക്കാമെന്ന് ഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്. നിയമപ്രശ്നം പരിഹരിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സമരം ചെയ്യുന്ന കണ്ടക്ടർമാരുടെ കൂട്ടായ്മ പ്രതികരിച്ചു. എന്നാൽ പ്രശ്നത്തിൽ തീരുമാനമാകും വരെ സമരം തുടരുമെന്നും താത്കാലിക കണ്ടക്ടർമാരുടെ കൂട്ടായ്മ പറഞ്ഞു.

കോടതി ഉത്തരവിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട താത്കാലിക കണ്ടക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ടാഴ്ചയിലേറെയായി സമരത്തിലാണ്. ഇതിനിടെ കെ എസ് ആർ ടി സി യിലെ ഒഴിവുകൾ പി എസ്‍ സി വഴി തന്നെ നികത്തണമെന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് സമരം ചെയ്യുന്ന കണ്ടക്ടർമാർക്ക് തിരിച്ചടിയായിരുന്നു. താൽക്കാലിക കണ്ടക്ടർമാർക്ക് കെ എസ് ആർ ടി സി വ്യാജ പ്രതീക്ഷകൾ നൽകിയെന്നും വിധി ന്യായത്തിൽ പരാമർശിച്ചിരുന്നു. ഇനി സർക്കാർ ഇടപെടലിൽ മാത്രമാണ് സമരം ചെയ്യുന്ന കണ്ടക്‍ടർമാരുടെ പ്രതീക്ഷ.