ഷില്ലോം​ഗ്: മേഘാലയയിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് സഹായമെത്തിക്കാൻ പമ്പ് നിർമ്മാണ കമ്പനിയായ കിർലോസ്കർ. ഇവിടത്തെ കൽക്കരി ഖനിയിൽ 17 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്നേയ്ക്ക് പതിനഞ്ച് ദിവസം പൂർത്തിയാകുന്നു. സായ്പുങ്ങ് ജില്ലയിലെ ജയന്തിയ മലനിരകളിലെ ഖനിക്കുള്ളിൽ ഡിസംബർ 13 നാണ് തൊഴിലാളികൾ കുടുങ്ങിയത്. ഖനിയ്ക്ക് വേണ്ടി കുഴിച്ച തുരങ്കങ്ങൾക്കുള്ളിലൂടെ തൊട്ടടുത്ത നദിയിൽ നിന്നും വെള്ളം കയറിയത് മൂലമാണ് തൊഴിലാളികൾക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നത്. ഖനിയിലെ വെള്ളം വറ്റിക്കാൻ കൂടുതൽ ശക്തിയേറിയ പമ്പിം​ഗ് സംവിധാനം എത്തിക്കാമെന്ന് പമ്പ് നിർമ്മാണ കമ്പനിയായ കിർലോസ്കർ വാ​ഗ്ദാനം നൽകിയിട്ടുണ്ട്. 

320 അടി താഴ്ചയുള്ള ഖനിയാണിത്. തൊട്ടടുത്ത നദിയിൽ നിന്നും ഖനിക്കുളളിലേക്ക് എഴുപത് അടി ഉയരത്തിൽ വെള്ളം കയറിയിരുന്നു. പമ്പ് ഉപയോ​ഗിച്ച് വെള്ളം പുറത്തെടുത്തിട്ടും 35 അടി വെള്ളം അപ്പോഴും ഖനിക്കുള്ളിൽ അവശേഷിച്ചിരുന്നു. അതിനാൽ മുന്നോട്ട് പോകാൻ സാധിക്കാതെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ ദുരന്ത നിവാരണ സേന നിർബന്ധിതരാകുകയായിരുന്നു. എലിമാളം പോലെ ഇടുങ്ങിയ ​ഗുഹയ്ക്കുള്ളിലൂടെയാണ് ഖനിയിലേക്കെത്തുന്നത്.  ഇന്നലെ ​ഗുഹയ്ക്കുള്ളിൽ നിന്ന് ദുർ​ഗന്ധം അനുഭവപ്പെട്ടതോടെ തൊഴിലാളികൾ മരിച്ച് കാണുമെന്ന് രക്ഷാപ്രവർത്തകർ സംശയം പ്രകടിപ്പിച്ചിരുന്നു.  ദേശീയ ദുരന്ത നിവാരണ സേന സംഭവം നടന്ന ദിവസം മുതൽ രക്ഷാപ്രവർത്തനങ്ങളുമായി ഇവിടെ സജീവമാണ്. 

ഖനിയുടെ മുഖ്യകവാടം വെള്ളം കയറി അടഞ്ഞതിനാലാണ് രക്ഷാപ്രവർത്തനം അസാധ്യമായത്. മാത്രമല്ല, അശാസ്ത്രീയമായും നിയമവിരുദ്ധമായും നിർമ്മിച്ച ഖനിയെക്കുറിച്ച് വ്യക്തമായ രൂപരേഖ കണ്ടെത്താനും ദുരന്തനിവാരണ സേനയ്ക്ക് കഴിയുന്നില്ല. എലിമാളങ്ങൾ പോലെയുള്ള ഇടുങ്ങിയ ഖനിക്കുള്ളിലേക്ക് തൊഴിലാളികൾ ഇഴഞ്ഞാണ് എത്തിച്ചേരുന്നത്. യാതൊരു വിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കപ്പെടാതെയാണ് ഇത്തരം ഖനികൾ പ്രവർത്തിക്കുന്നത്. ഖനിത്തൊഴിലാളികൾ ഉപയോ​ഗിക്കുന്ന തരത്തിലുള്ള മൂന്ന് ഹെൽമെറ്റുകൾ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. 

100 കുതിരശക്തിയുള്ള പമ്പുകൾ ഉപയോ​ഗിച്ചു മാത്രമേ ഖനിക്കുള്ളിലെ വെള്ളം പുറത്തു കളയാൻ സാധിക്കൂ. ഇത്തരം പമ്പുകൾക്ക് വേണ്ടിയാണ് ദേശീയ ദുരന്ത നിവാരണ സേന കാത്തിരുന്നത്. കേരളത്തിലെ പ്രളയദുരിതത്തിൽ രക്ഷാമാർ‌​ഗമായി ഉപയോ​ഗിച്ച പമ്പുകൾ തന്നെ ഖനിയ്ക്കുള്ളിലെ വെള്ളം വറ്റിക്കാൻ ഉപയോ​​ഗിക്കാൻ നിർദ്ദേശം നൽകിയതായി ശശി തരൂർ‌ എംപി ട്വീറ്റ് ചെയ്തിരുന്നു. 

2012 ൽ സമാനരീതിയിലുള്ള സംഭവം മേഘാലയയിൽ നടന്നിരുന്നു. അന്ന് ഖനിയ്ക്കുള്ളിൽ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളെക്കുറിച്ച് പിന്നീട് പുറംലോകം ഒന്നും അറിഞ്ഞില്ല. പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാണിച്ച് 2014 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ കൽക്കരി ഖനനം നിരോധിച്ചിരുന്നെങ്കിലും ഇപ്പോഴും അനവധി അനധികൃത കൽക്കരി ഖനികൾ മേഘാലയയിൽ പ്രവർത്തിക്കുന്നുണ്ട്. 

തായ്ലന്റിലെ  ​ഗുഹയിൽ കുടുങ്ങിയ കുട്ടിക‌ളെ രക്ഷിക്കാൻ സ്വീകരിച്ച മാർ​ഗങ്ങളൊന്നും ഖനിത്തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്നില്ലെന്ന് പരക്കെ വിമർശനമുയർന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. എത്രയും പെട്ടെന്ന് ഇവരെ രക്ഷിക്കണമെന്ന് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാ​ഹുൽ​ ​ഗാന്ധി ആവശ്യപ്പെട്ടത്.