കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി പ്രത്യേക കോളനികള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. 

എന്നാല്‍ കശ്മീരി പണ്ഡിറ്റുകള്‍ സംസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും അവര്‍ക്കായി പ്രത്യേക കോളനിയുണ്ടാക്കുന്നതിനെ സംസ്ഥാനസര്‍ക്കാര്‍ അനുകൂലിയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിയമസഭയില്‍ വ്യക്തമാക്കി. എല്ലാവരും ഒരുമയോടെ കഴിയാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 

വിരമിച്ച സൈനികര്‍ക്കും കശ്മീരി പണ്ഡിറ്റുകള്‍ക്കുമായി പ്രത്യേക കോളനികള്‍ നിര്‍മ്മിയ്ക്കാന്‍ ഇതുവരെ സ്ഥലമേറ്റെടുത്തിട്ടില്ല. സൈനികകോളനികള്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും പുറത്തുനിന്നുള്ളവരെ അതില്‍ താമസിപ്പിയ്ക്കാനാകില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

ചില ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകകോളനികള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനെതിരെ കശ്മീരി വിഘടനവാദി സംഘടനകള്‍ക്കുള്ള എതിര്‍പ്പു കൂടി കണക്കിലെടുത്താണ് മെഹ്ബൂബ നിലപാട് വ്യക്തമാക്കിയത്. ജമ്മു കശ്മീരില്‍ പണ്ഡിറ്റുകളുടെ പുനരധിവാസം പ്രധാനതെരഞ്ഞെടുപ്പ് പ്രചാരണവിഷയമായി ഉയര്‍ത്തിക്കാട്ടിയ ബിജെപിയ്ക്ക് സഖ്യകക്ഷിയായ പിഡിപിയുടെ പുതിയ നിലപാട് തലവേദനയാകും.