തനിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സി.
ആന്റിഗ്വ: തനിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സി. തന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയത് നിയമവിരുദ്ധമായാണെന്ന് ആന്‍റിഗ്വയിൽ നിന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ചോക്സി പറഞ്ഞു.
പാസ്പോർട്ട് ഓഫിസിൽ നിന്ന് ഫെബ്രുവരി 15ന് തനിക്ക് ഒരു ഇ–മെയിൽ ലഭിച്ചു. രാജ്യസുരക്ഷയ്ക്കു ഭീഷണിയായതിനാൽ പാസ്പോർട്ട് സസ്പെൻഡ് ചെയ്യുന്നുവെന്നായിരുന്നു വിവരം. ഇതിന്മേൽ വിശദീകരണം ആവശ്യപ്പെട്ട് ഫെബ്രുവരി 20ന് മുംബൈയിലെ റീജ്യനൽ പാസ്പോർട്ട് ഓഫിസിലേക്ക് മെയിൽ അയച്ചു. എന്തുകൊണ്ടാണ് തന്റെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തതെന്നും അത് എങ്ങനെ രാജ്യത്തിനു സുരക്ഷാഭീഷണിയുണ്ടാക്കും എന്നായിരുന്നു ചോദിച്ചത്. എന്നാൽ അതിനു മറുപടി ലഭിച്ചില്ലെന്നും മെഹുൽ ചോക്സി ആരോപിച്ചു.
തന്നോട് ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഇതിനെതിരെ മുംബൈ പാസ്പോര്ട്ട് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ഭയന്ന് ആന്‍റിഗ്വയില്‍ അഭയം തേടിയ ചോക്സിയെ വിട്ടു കിട്ടാന്‍ ഇന്ത്യ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ജനുവരി ആദ്യവാരമാണ് ഇയാൾ ആന്റിഗ്വയിലേക്കു കടന്നത്. ചോക്സിയെ വിട്ടുകിട്ടുന്നതിനായി സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.
