ഒമാനും സൗദിയും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി മണിക്കൂറിൽ 170 കി.മീ മുതൽ 230 കി.മീ വരെ വേഗതയ്ക്ക് സാധ്യത
ഒമാന്: മേകുനു കൊടുങ്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ഒമാനിൽ കനത്ത മഴയോട് കൂടി "മേകുനു" ആഞ്ഞടിക്കുവാൻ സാധ്യതയുണ്ടെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ അറിയിച്ചു. ദോഫാർ മേഖലയിലെ കൂടുതൽ ജനവാസമുള്ള സലാലയിൽ നിന്നും 570 കിലോമീറ്റർ അകലെയാണ് മേകുനു കൊടുങ്കാറ്റ് ഇപ്പോൾ എത്തിനിൽക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം മുതൽ ദോഫാര്, അൽ വുസ്ത എന്നീ മേഖലകളിൽ ഇടിമിന്നലോടു കൂടി മഴ പെയ്തു തുടങ്ങും. മെക്കുനു കൊടുങ്കാറ്റ് സലാലാക്കും ഹൈമക്കും അടുത്തുള്ള പ്രദേശങ്ങളിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് ആഞ്ഞടിക്കുവാൻ സാധ്യത. ദോഫാർ മേഖലയിൽ നിലവിൽ 80,000ത്തോളം ഇന്ത്യക്കാരാണു സ്ഥിരതാമസക്കാരായിട്ടുള്ളത്.
ഏത് ഗുരുതരമായ സാഹചര്യങ്ങളും നേരിടുവാൻ ഒമാൻ സിവിൽ ഡിഫൻസ് സജ്ജമായി കഴിഞ്ഞുവെന്ന് സലാലയിലെ ഇന്ത്യൻ എംബസി കൗൺസിലർ മൻപ്രീത് സിംഗ് പറഞ്ഞു. മണിക്കൂറിൽ 170 കി.മീ മുതൽ 230 കി.മീ വരെ വേഗതയിലായിരിക്കും മേകുനു" ആഞ്ഞടിക്കുവാൻ സാധ്യത. മേഖലകളിൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ ഉറപ്പ് വരുത്തുന്നതിനുമുള്ള അടിയന്തര നടപടികൾ ഒമാൻ സിവിൽ ഡിഫൻസ് ഇതിനകം സ്വീകരിച്ചു കഴിഞ്ഞു.
മേകുനു കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി അറേബ്യയും മുന്നറിയിപ്പ് നൽകി. മറ്റന്നാൾ മുതൽ ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. സൗദിയില് കിഴക്കന് പ്രവിശ്യ, നജ്റാന് തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും 80 കിലോമീറ്റര് വേഗതയില് കാറ്റ് വീശുക. റിയാദിലെ പല ഇടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
