സ്കൂള്‍ കുട്ടികളോട് കോപ്പിയടിക്കരുതെന്നും അത് ആശാസ്യമായ ഒന്നല്ലെന്നും യുഎസ് പ്രസി‍ഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പത്നി മെലാനിയ ട്രംപ്. കുട്ടികളോട് എല്ലാവരും പറയുന്ന ഒരു കാര്യമാണെങ്കില്‍ കൂടിയും ആര് പറഞ്ഞു എന്നുള്ളതാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്നത്. മിഷിഗണിലെ ഒരു സ്കൂള്‍ സന്ദര്‍ശിച്ചപ്പോളാണ് മെലാനിയ കോപ്പിയടിയെക്കുറിച്ച് വാചാലയായത്.

സമൂഹത്തിലെ ഒറ്റപ്പെടലുകളെക്കുറിച്ചും കുട്ടികള്‍ക്കിടയിലെ അധിഷേപങ്ങളെക്കുറിച്ചും സിഗരറ്റിന്റേയും ലഹരി വസ്തുക്കളെയും കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മെലാനിയ ട്രംപ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചക്ക് വഴി തുറന്നിട്ടത്.

നേരത്തെ മിഷേല്‍ ഒബാമയുടെ പ്രസംഗങ്ങള്‍ കോപ്പിയടിച്ചെന്ന് ഏറെ ആരോപണം കേട്ടിട്ടുള്ള ആളായ മെലാനിയ ട്രംപ് കോപ്പിയടിക്കുന്നതിനെക്കുറിച്ച് നല്‍കുന്ന സന്ദേശം എങ്ങനെ സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യുകയാണ് സമൂഹമാധ്യമങ്ങള്‍.