റോം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് റോമിലും പണികൊടുത്ത് പ്രഥമ വനിത മെലാനിയ ട്രംപ്. കഴിഞ്ഞ ദിവസം ഇസ്രയേലില്‍ വെച്ച് കൈപിടിച്ച് നടക്കാന്‍ ട്രംപ് ശ്രമിച്ചെങ്കിലും ഭാര്യ കൈ തട്ടി മാറ്റിയതിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ചയായതിന് തൊട്ടുപിന്നാലെ റോമില്‍ വെച്ചും മെലാനിയ സമാനമായ രിതിയില്‍ പ്രതികരിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ ട്രംപ് കൈ നീട്ടിയെങ്കിലും അവഗണിച്ച മെലാനിയ മുടിയൊതുക്കി മുന്നോട്ടു നീങ്ങുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്‍റെ പടികള്‍ ഇരുവരും യാതൊന്നും സംഭവിക്കാത്തതു പോലെ ഇറങ്ങുകയായിരുന്നു. സന്ദര്‍ശനങ്ങളിലുട നീളം അസന്തുഷ്ടയായിരുന്നു പ്രഥമ വനിത.

ഇസ്രയേലിലെ ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തില്‍ സ്വീകരണത്തിനിടയില്‍ ചുവപ്പ് പരവതാനിയിലൂടെ നടക്കുന്നതിനിടെ ട്രംപ് ഭാര്യയുടെ കൈപിടിക്കാന്‍ ശ്രമിച്ചെങ്കിലും മെലാനിയ തട്ടിമാറ്റിയിരുന്നു. ഈ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിദേശ സന്ദര്‍ശനങ്ങള്‍ തുടരുന്നതിനിടെ വീണ്ടും വിവാദമാകുകയാണ് മെലാനിയ ട്രംപിന്റെ പ്രതികരണങ്ങള്‍.

വിദേശ രാജ്യങ്ങളിലെത്തി ഇത്തരത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്ന പ്രസിഡന്റിനും ഭാര്യയ്ക്കുമെതിരെ അമേരിക്കയില്‍ കനത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.