ഏറെ പ്രതീക്ഷകളുമായത്തിയ മഞ്ഞപ്പടയെ അന്നവര്‍ വീഴ്ത്തി

മോസ്കോ: കുറച്ച് വര്‍ഷങ്ങള്‍ മുമ്പുള്ള കഥയാണ്. ഇന്ന് മഞ്ഞപ്പടയുടെ വന്‍ തോക്കുകളായ നെയ്മര്‍, ഫിലപ്പോ കുടിഞ്ഞോ, കാസമിറോ, അല്ലിസണ്‍ എന്നിവര്‍ അണ്ടര്‍ 17 ലോകകപ്പില്‍ പന്തു തട്ടുന്ന കാലം. ബി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ബ്രസീല്‍ ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ വിജയം കണ്ടു. പക്ഷേ, രണ്ടാമത്തെ പോരാട്ടത്തില്‍ മെക്സിക്കോ ഏക ഗോളിന് മഞ്ഞപ്പടയെ പിന്നിലാക്കി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ എതിരാളിയായി വന്നത് സ്വിറ്റ്സര്‍ലാന്‍റ്. വിജയിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍ കടക്കാമെന്നുള്ള ബ്രസീലിന്‍റെ എല്ലാ സ്വപ്നങ്ങള്‍ക്കും മീതെ സ്വീസ് ആര്‍മി കരിനിഴല്‍ വീഴ്ത്തി.

കിരീട പ്രതീക്ഷകളുമായി വന്ന മഞ്ഞപ്പട ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. ഇന്ന് വീണ്ടും സ്വിറ്റ്സര്‍ലാന്‍റുമായി ഒരു ലോകകപ്പ് മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ ഇവര്‍ നാലു പേരുടെയും മനസില്‍ പഴയ ഓര്‍മകള്‍ ഒരു വിങ്ങലായി അവശേഷിക്കുന്നുണ്ട്. അന്ന് അസാധ്യ കുതിപ്പ് നടത്തിയ സ്വിസ് പട ഇറ്റലിയെയും ജര്‍മനിയെയുമെല്ലാം പിന്നിലാക്കി അണ്ടര്‍ 17 ലോകകപ്പ് സ്വന്തമാക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്. ബ്രസീല്‍ ടീമില്‍ ഉള്ളതു പോലെ തന്നെ ചെറു പൂരമെങ്കില്‍ ലോകകപ്പ് എന്ന വിശ്വവിജയത്തില്‍ പങ്കാളികളായ മൂന്ന് താരങ്ങള്‍ ഇന്ന് സ്വിസ് പടയിലും പോരിനിറങ്ങുന്നുണ്ട്.

മധ്യനിരയിലെ കരുത്തന്‍ ഗ്രാനിറ്റ് സാക്ക, മിന്നും താരം റിക്കാര്‍ഡോ റോഡിഗ്രസ്, ഹാരിസ് സെഫ്രോവിക് എന്നിവരാണ് മഞ്ഞപ്പടയിലെ ആദ്യ റൗണ്ടില്‍ പുറത്താക്കി ടീമില്‍ നിന്ന് ഇപ്പോള്‍ സീനിയര്‍ ടീമില്‍ കളിക്കുന്നവര്‍. ഇതില്‍ ബ്രസീലിന്‍റെ നാല്‍വര്‍ സംഘവും സ്വിസ് പടയിലുള്ള മൂവരും 1992ല്‍ ജനിച്ചവരാണ്. ഒരേസമയം, കാല്‍പ്പന്ത് കളിയുടെ ലോകത്ത് എത്തി ഒരുമിച്ച് വളര്‍ച്ചയുടെ പടവുകള്‍ കയറിയവര്‍ക്ക് പരസ്പരം നന്നായി അറിയാം. അതുകൊണ്ട് ഇന്നത്തെ മത്സരം കനക്കുമെന്ന് ഉറപ്പ്.

2009ലെ അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് ആദ്യ റൗണ്ടില്‍ പുറത്തായത് ഏറെ നിരാശ പകരുന്നതായിരുന്നുവെന്ന് അലിസണ്‍ പറയുന്നു. ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് അന്ന് കളത്തില്‍ ഇറങ്ങിയത്. പക്ഷേ, വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങിയില്ല. മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ലോകകപ്പ് ആയിരുന്ന് അതെന്ന് കുടീഞ്ഞോയും ഓര്‍മകള്‍ പങ്കുവെച്ചു. ഇപ്പോള്‍ കാര്യങ്ങളും അവസ്ഥകളും ഒരുപാട് മാറി. ഇന്നത്തെ പോരാട്ടത്തില്‍ വിജയം നേടുമെന്നും ബ്രസീല്‍ താരങ്ങള്‍ പറഞ്ഞു.