ഹൈദരാബാദ്: കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലും ജീവിക്കുന്നവര്‍ ഇന്നും വിരളമല്ല ഇന്ത്യയില്‍. ഇത്തരത്തല്‍ ഒരു അന്ധവിശ്വാസത്തെ കൂട്ട് പിടിച്ച് നാടു വിട്ട ഒരു കൂട്ടം ആള്‍ക്കാര്‍ ഉണ്ട് തെലുങ്കാനയിലെ ഒരു ഗ്രാമത്തില്‍. പുരുഷന്‍മാരെ മാത്രം ആക്രമിക്കുന്ന ഒരു സ്ത്രീയുടെ പ്രേതം ഈ ഗ്രാമത്തില്‍ കറങ്ങി നടക്കുന്നുണ്ടത്രേ. തെലുങ്കാനയിലെ കാസിഗുഡയിലാണ് പുരുഷ വിരോധിയായ ഈ പ്രേതം അധിവസിക്കുന്നത്. അതുകൊണ്ട് തന്നെ പുരുഷന്‍മാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെ എന്ന് ഗ്രാമവാസികള്‍ പറയുന്നു.

ഇത്തരം ഒരു പ്രേത കഥയ്ക്ക് പിന്നിലെ കാരണം ഗ്രാമത്തിലുണ്ടായ മൂന്ന് മരണമാണ്. രണ്ട് സഹോദരങ്ങളും മറ്റൊരാളും മൂന്ന് മാസങ്ങളിലായി കൊല്ലപ്പെട്ടു. ഇവരുടെ മരണത്തിന് പിന്നില്‍ ഒരു സ്ത്രീയുടെ പ്രേതമാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. തുടര്‍ന്ന് ഗ്രാമം ഉപേക്ഷിച്ച് പലരും ജീവനും കൊണ്ടോടി. ഇന്നും ഇവിടെ സൂര്യന്‍ അസ്തമിച്ചാല്‍ ആളുകള്‍ വീടിന് വെളിയില്‍ ഇറങ്ങില്ല. പകല്‍ നല്ല വെളിച്ചം വീണതിന് ശേഷം മാത്രം പുറത്തേക്ക് പോകും. എന്നാല്‍ സ്ത്രീകളെ പ്രേതം ആക്രമിക്കാറില്ലെന്നാണ് പറയുന്നത്.

എന്തായാലും ഒന്നുകില്‍ പ്രേതം അല്ലെങ്കില്‍ തങ്ങള്‍ എന്ന നിലപാടാണ് ഗ്രാമത്തില്‍ നിന്ന് നാടുവിട്ടവര്‍ക്ക്. പ്രേതത്തില്‍ നിന്ന് ഗ്രാമത്തിന് മോചനം കിട്ടിയാലേ തിരിച്ച് വരു എന്നാണ് ഇവര്‍ പറയുന്നത്.