വാഷിങ്ടണ്‍: നിരന്തരം ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിങ് ജോങ് ഉന്നിന്‍റെ മാനസിക നില പരിശോധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ്. അമേരിക്കയെ തകര്‍ക്കാനായുള്ള ആണവായുധത്തിന്‍റെ സ്വിച്ച് തന്‍റെ കയ്യിലാണെന്നും ഉത്തരകൊറിയക്കെതിരെ യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും കിങ് ജോങ് ഉന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സാന്‍ഡേഴ്‌സ്.

 കിങ് ജോങ് ഉന്നിന്‍റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. കഴിഞ്ഞ നാല് വര്‍ഷമായി നിരവധി തവണയാണ് കിങ് ജോങ് ഉന്‍ മിസൈല്‍ പരിശീലനം നടത്തുകയും രാജ്യത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കിങ് ജോങ് ഉന്നുമായി അടുത്ത് നില്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അല്ലെങ്കില്‍ അദ്ദേഹത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ തന്‍റെ കയ്യില്‍ അതിലും ശക്തിയേറിയ ആണവ ബട്ടണ്‍ ഉണ്ടെന്ന കാര്യം അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു.