കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്ന് പ്രചരണം യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നു
ഭോപ്പാൽ: രാജ്യത്തെ നടുക്കി വീണ്ടും ആൾക്കൂട്ട കൊലപാതകം. മധ്യപ്രദേശിലെ സിംഗ്രോളിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വാട്സാപ്പ് സന്ദേശം പ്രചരിച്ചതിനു പിന്നാലെയാണ് യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നത്.
മോർബ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാദ്ഘട്ട് ഗ്രാമത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന യുവതിയെയാണ് ഒരുകൂട്ടം യുവാക്കൾ ആക്രമിച്ചത്. ഗുരുതരമായി മർദനമേറ്റ യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷമം ആരംഭിച്ചു.
ശനിയാഴ്ചയാണ് സംഭവം നടന്നത്. ആറ് മാസമായി യുവതി പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ഇവരുടെ മൃതദേഹം കണ്ടെടുക്കുന്നത്. കാടിനടുത്തെ കനാലില്‍ മൃതദേഹം കണ്ടവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
