നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശശികലയും ടിടിവി ദിനകരനും അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്തേക്ക്. 20 മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. പനീര്‍ശെല്‍വം വിഭാഗത്തെയും ഒപ്പം കൂട്ടി ഭരണം തുടരുമെന്നും ധനമന്ത്രി ജയകുമാര്‍ പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് എംഎല്‍എ മാരുടെയും പാര്‍ട്ടി ജില്ല സെക്രട്ടറിമാരുടെയും യോഗം ദിനകരന്‍ വിളിച്ചിട്ടുണ്ട്. 

ഒരു ദിവസത്തിലേറെ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന പ്രഖ്യാപനം പളനിസ്വാമി വിഭാഗം നടത്തിയത്. ശശികലയുടെ കുടുംബം പാര്‍ട്ടിയില്‍ ഉണ്ടാകരുതെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്ന് 20 മന്ത്രിമാരുടെ യോഗത്തിന് ശേഷം മന്ത്രി ജയകുമാര്‍ പറഞ്ഞു.

പനീര്‍ശെല്‍വം വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി ഭരണം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പളനിസ്വാമി വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന ഒദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പനീര്‍ശെല്‍വം വിഭാഗത്തിന് നല്‍കേണ്ട സ്ഥാനങ്ങളില്‍ തീരുമാനമുണ്ടായ ശേഷം ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഒത്തുതീര്‍പ്പിന് പനീര്‍ശെല്‍വം മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ശശികലയെും ജിനകരനെയും പുറത്താക്കണം എന്നത്. 

എന്നാല്‍ ജനറല്‍ സെക്രട്ടറിയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെയും പുറത്താക്കാന്‍ മന്ത്രിമാരുടെ സംഘത്തിന് ആരാണ് അധികാരം നല്‍കിയതെന്നാണ് ദിനകരന്‍ പക്ഷത്തിന്‍റെ ചോദ്യം. രാത്രി വൈകി ദിനകരന്‍റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 8 എം എല്‍ എ മാര്‍ പങ്കെടുത്തു. ഇന്ന് ഉച്ചക്ക് ശേഷംമൂന്ന് മണിക്ക് എംഎള്‍എമാരുടെയും പാര്‍ട്ടി ജില്ല സെക്രട്ടറിമാരുടെയും യോഗം പാര്‍ട്ടി ആസ്ഥാനത്ത് ടിടിവി ദിനകരന്‍ വിളിച്ചിട്ടുണ്ട് . തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ ദിനകരനെ അധികം വൈകാതെ ദില്ലി പോലീസ് കസ്റ്റഡിയിലെടുക്കുമെന്നും സൂചനയുണ്ട്.