ലിയോണല്‍ മെസി ബാഴ്സലോണയിലെത്തി

ബാഴ്സലോണ: ലിയോണല്‍ മെസി എന്ന കാല്‍പ്പന്ത് കളിയുടെ മാന്ത്രികന്‍ നിസഹായനായി ലോകകപ്പ് വേദയില്‍ നിന്ന് വീണ്ടുമൊരിക്കല്‍ കൂടി കണ്ണീരോടെ മടങ്ങി. ടീമിന്‍റെ മോശം പ്രകടനത്തില്‍ ഒന്നും ചെയ്യാനാകാതെ പോയ മെസിക്ക് സ്വന്തം പേരില്‍ ഒരു ഗോള്‍ മാത്രമാണ് റഷ്യന്‍ ലോകകപ്പില്‍ പേരിലെഴുതാനായത്. നിരാശാജനകമായ പുറത്താകലിന് ശേഷം ടീം അംഗങ്ങള്‍ എല്ലാം അര്‍ജന്‍റീനയിലേക്ക് മടങ്ങിയെങ്കിലും മെസി സ്വരാജ്യത്തേക്ക് പോകാതെ സ്പെയിനിലേക്കാണ് റഷ്യയില്‍ നിന്ന് പറന്നത്.

മെസിയൊടപ്പം മഷറാനോയും സ്പെയിനിലെത്തി. വിമാനത്താവളത്തില്‍ ഭാര്യ ആന്‍റനെല്ലാ റൊക്കുസോ മെസിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ മെസിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി എത്തിയെങ്കിലും ഒന്നും മിണ്ടാതെ താരം വാഹനത്തിലേക്ക് കയറി. മറക്കാനാവാത്ത വേദന താരത്തിനുണ്ടെന്ന് വിളിച്ചു പറയുന്ന പോലെയാണ് മെസിയുടെ മുഖം.

എപ്പോഴും മുഖത്തുണ്ടാകുന്ന ചിരി ഇത്തവണയില്ലായിരുന്നു. ലോകകപ്പിലെ പരാജയത്തിന് ശേഷം കളിയില്‍ നിന്ന് വിരമിക്കില്ലെന്ന നിലപാടിലാണ് അര്‍ജന്‍റീന നായകനെന്നാണ് നേരത്തേ വ്യക്തമാക്കിയിരുന്നത്. അര്‍ജന്‍റീനയ്ക്ക് വേണ്ടി ലോക കിരീടം സ്വന്തമാക്കിയ ശേഷം മാത്രമേ വിരമിക്കുകയുള്ളു എന്നാണ് മെസി നേരത്തെ പറഞ്ഞിരുന്നത്.

Scroll to load tweet…