ഇവർ ലോകകപ്പിന്റെ താരങ്ങളാവും മെസിയുടെ മുന്നറിയിപ്പ്
റഷ്യൻ ലോകകപ്പിന്റെ താരമാകാൻ സാധ്യതയുള്ളവരിൽ ഒരാളാണ് അർജന്റീനയുടെ ലിയോണൽ മെസി. ലാറ്റിനമേരിക്കൻ രാഷ്ട്രത്തിന്റെ പ്രതീക്ഷകളത്രയും ചുമലിലേറ്റിയാണ് മെസിയുടെ വരവ്. മെസിയുടെ ബൂട്ടുകൾ കവിത രചിച്ചാൽ റഷ്യയിൽ മറഡോണ യുഗത്തിന് ശേഷം അർജന്റീന ചരിത്രം കുറിക്കുമെന്നുറപ്പ്. എന്നാൽ, മെസി പറയുന്നു ലോകകപ്പിൽ തിളങ്ങാൻ പോകുന്ന താരങ്ങൾ മറ്റ് ചിലരാണെന്ന്. ഫുട്ബോളിലെ മിശിഹായുടെ അഭിപ്രായത്തിൽ എട്ട് താരങ്ങളാണ് മൈതാനത്ത് കാൽപന്തുകളിയുടെ മാന്ത്രികത വരച്ചുകാട്ടുക.
ബ്രസീല്‍, സ്പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ ടീമുകളില്‍നിന്ന് രണ്ട് പേരെ വച്ചാണ് മെസി തെരഞ്ഞെടുത്തിരിക്കുന്നത്. ബ്രസീലില്‍നിന്ന് നെയ്മറും, കുട്ടിഞ്ഞ്യോയുമാണ് പ്രതീക്ഷയായി മെസി പറയുന്നത്. സ്പെയിനില്‍നിന്ന് ആന്ദ്രേ ഇനിയേസ്റ്റ, ഡേവിഡ് സില്‍വ. ബെല്‍ജിയത്തിന്‍റെ താരങ്ങളായ കെവിന്‍ ഡി ബ്രുയനും ഈഡന്‍ ഹസാര്‍ഡും ഫാന്‍സിന്‍റെ ആന്‍റോയിന്‍ ഗ്രീസ്മെനും കെയിലിന്‍ എംബാപെയും കളിയില്‍ തിളങ്ങുമെന്നാണ് മെസിയുടെ കണക്കുകൂട്ടല്‍.
അതേസമയം പോര്‍ച്ചുഗല്‍ താരവും മെസിയുടെ എക്കാലത്തെയും എതിരാളിയുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പട്ടികയിലില്ല. ജര്‍മ്മനിയില്‍നിന്ന് പ്രത്യേക കളിക്കാരനെ എടുത്ത് പറയാനില്ലെന്നും എന്നാല്‍ അവര്‍ ശക്തരായ ടീമാണെന്നും മെസി പറയുന്നു.
