എട്ടു വര്‍ഷമായി ഒരു നെല്‍മണിയെ പോലും വളര്‍ത്താനാകാതിരുന്ന മെത്രാൻ കായൽ പാടത്തിന്‍റെയും കര്‍ഷകരുടെയും സങ്കടം മാറി. വെള്ളം വറ്റിച്ച് പാടം വിതയ്ക്ക് ഒരുക്കിയതിന് ശേഷമായിരുന്നു വിത്തുവിത. 404 ഏക്കറും കൃഷിയിറക്കാൻ പാകത്തിലായെങ്കിലും ഇതിന്‍റെ വിവിധ ഭാഗങ്ങളിലായി 25 ഏക്കറിൽ മാത്രമാണ് വിത്തിറക്കിയത്. കൃഷി മന്ത്രി വി.എസ് സുനിൽ കുമാര്‍ മെത്രാന്‍ കായലില്‍ വീണ്ടും വിത്തെറിഞ്ഞു

ഒന്നരകിലോമീറ്റര്‍ ദൂരം പുറം ബണ്ട് കിട്ടി. 2500 മീറ്റര്‍ ദൂരം പാടത്ത് ചാലു കോരി. സര്‍ക്കാര്‍ ശ്രമം അട്ടിമറിക്കാനുള്ള നീക്കങ്ങളുണ്ടായതോടെ പൊലീസ് കാവലിലാണ് പാടമൊരുക്കിയത്. മെത്രാന്‍ കായലിന്‍റെ 378 ഏക്കറും റെക്കിന്‍ഡോ ഡെവലപ്പേഴ്സ് എന്ന കന്പനിയുടെ കൈവശമാണ്. പാടത്തു വീണ്ടും കൃഷിയിറക്കാനുള്ള തീരുമാനത്തോട് സഹകരിക്കാൻ കമ്പനിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. 

കൃഷിയല്ലാതെ ഒന്നും ഇവിടെ നടക്കില്ലെന്ന് ഉദ്ഘാടന ചടങ്ങില്‍ കൃഷി മന്ത്രി അറിയിച്ചു. ഇപ്പോള്‍ കൃഷിക്കായി തയ്യാറാക്കിയ സ്ഥലത്ത് കൃഷിയിറക്കാന്‍ കമ്പനിക്ക് താല്‍പ്പര്യമില്ലെങ്കില്‍ ആര്‍ക്കും വിത്തിറക്കാന്‍ സര്‍ക്കാന്‍ സഹായമുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

റിസോര്‍ട്ടിനായി നിലം നികത്താൻ വഴിയൊരുക്കുന്ന അനുമതി മുന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നല്‍കിയതോടെയാണ് മെത്രാൻ കായലിനെ ചൊല്ലിയുള്ള വിവാദം കൊടുമ്പിരി കൊണ്ടത്. ഈ പശ്ചാത്തലത്തിലാണ് ഇടതു സര്‍ക്കാര്‍ ഇവിടെ കൃഷിയിറക്കിയത്.