വീട്ടില്‍ നിന്നിറങ്ങരുതെന്ന് ഭാര്യ; 'ചങ്കി'ന്‍റെ കട്ടൗട്ടുമായി ലോകകപ്പിനെത്തി ചങ്ങാതിക്കൂട്ടം

മോസ്കോ: നാല് വര്‍ഷം നീണ്ട ആസൂത്രണമായിരുന്നു. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് പോകണം. അടിച്ചുപൊളിക്കണം. വെറുതയങ്ങ് പോവുകയല്ല ഒരു ബസ് വാങ്ങി സ്വന്തം രാജ്യത്തിന്‍റെ പതാക ആലേഖനം ചെയ്ത് ആ ബസില്‍ പോകണം. 2014ല്‍ ലോകകപ്പ് നടക്കുമ്പോള്‍ മെക്സിക്കോയിലെ ദുരാംഗോ സ്വദേശികളായ അഞ്ച് സുഹൃത്തുക്കളുടെ ആസൂത്രണം മേല്‍പറഞ്ഞതുപോലെയൊക്കെ ആയിരുന്നു.

നാല് വര്‍ഷത്തെ ലക്ഷ്യം സാധിച്ചു, ഒരു സ്കൂള്‍ ബസ് വാങ്ങി മെക്സിക്കോയുടെ പതാകയുടെ നിറം നല്‍കി അവര്‍ യാത്രയ്ക്കൊരുങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് കൂട്ടത്തില്‍ ഒരാളായ ജാവിയറിന്‍റെ ഭാര്യയുടെ രംഗപ്രവേശം. വീട്ടില്‍ നിന്നിറങ്ങരുതെന്ന് അവര്‍ ജാവിയറിനെ വിലക്കി. ഈ സംഭവം കൂട്ടുകാരെ അറിയിച്ചതോടെ ബാക്കിയുള്ളവര്‍ കടുത്ത സങ്കടത്തിലായി. എന്നാല്‍ കൂട്ടുകാരനില്ലാത്ത യാത്രയെ കുറിച്ച് ബാക്കിയുള്ളവര്‍ക്ക് ചിന്തിക്കാന്‍ പറ്റുമായിരുന്നില്ല. 

ഒടുവില്‍ പരിഹാരം കണ്ടെത്തി. ജാവിയറിന്റെ അതേവലിപ്പത്തില്‍ ഒരു കട്ടൗട്ട് തയ്യാറാക്കി. യാത്രയില്‍ കൂടെയില്ലാത്ത സുഹൃത്തിന്‍റെ കട്ടൗട്ട് ഒപ്പം കൂട്ടിയായിരുന്നു പിന്നീട് അവരുടെ യാത്ര. 'എന്‍റെ ഭാര്യ എന്നെ വരാന്‍ സമ്മതിച്ചില്ല' ഇങ്ങനെ ഒരു കുറിപ്പായിരുന്നു കട്ടൗട്ടിന്‍റെ മുന്നിലായി എഴുതിവച്ചത്. അവന്‍റെ ഭാര്യ അവനെ ലോകകപ്പിന് വിട്ടില്ല. എന്നാല്‍ ഭാര്യയുടെ സമ്മതമില്ലാതെ തന്നെ അവനെ ഞങ്ങള്‍ ഒപ്പം കൂട്ടി. ഇതായിരുന്നു സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.

View post on Instagram

ആദ്യം തമാശയെന്നോണം ചെയ്ത കാര്യമാണെങ്കിലും കട്ടൗട്ടും ജാവിയറും കൂട്ടുകാരും ഇപ്പോള്‍ ലോകം മുഴുവന്‍ പരിചിതിരാണ്. യാത്രയിലുടനീളം കട്ടൗട്ടിനൊപ്പം സുഹൃത്തുക്കള്‍ എടുത്ത സെല്‍ഫികളും ഫോട്ടോകളും വൈറലായിരിക്കുകയാണിപ്പോള്‍. ലോകകപ്പ് വേദികളിലും കട്ടൗട്ടിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കട്ടൗട്ടിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ തിരിക്കുകൂട്ടുകയാണ്. സുഹൃത്തിന്‍റെ കട്ടൗട്ടിന് ബിയറ് നല്‍കിയും യാത്രയില്‍ എല്ലായിടത്തും കൂടെക്കൂട്ടിയും യൂറോപ്പ്യന്‍ യാത്രയില്‍ സുഹൃത്തിന്‍റെ കുറവ് നികത്തുകയാണ് ഈ ചങ്ങാതിക്കൂട്ടം.

View post on Instagram