കല്‍പ്പറ്റ: മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പുകളിൽ അരിച്ചാക്കുകൾ തലയിലും ചുമലിലുമായി ചുമന്നിറക്കി എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടർ എൻ.എസ്.കെ ഉമേഷും. വയനാട് കളക്ടറേറ്റിലെത്തിയ അരിച്ചാക്കുകളാണ്  ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ളയുളള ഇവര്‍ തോളിലേറ്റത്. പ്രോട്ടോകോൾ മാറ്റിവച്ചാണ് ഇരുവരും അരിച്ചാക്കുകള്‍ ഇറക്കാന്‍ മുന്നില്‍ നിന്നത്. 

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം രാത്രിയായിരുന്നു ഇരുവരും കളക്ടറേറ്റിൽ എത്തിയത്. ഈ സമയം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരി കളക്ടറേറ്റിലെത്തിയിരുന്നു. എന്നാല്‍ രാവിലെ മുതൽ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് വിശ്രമിക്കാൻ പോയിരിക്കുകയായിരുന്നു. കുറച്ച് ജീവനക്കാരെ  അവിടെ ഉള്ളൂവെന്ന സാഹചര്യത്തില്‍ ഇവര്‍ അവർക്കൊപ്പം ചേർന്ന് ലോഡിറക്കുകയായിരുന്നു. ലോഡ് മുഴുവൻ ഇറക്കിയ ശേഷമാണ് ഇരുവരും മടങ്ങിത്.