കോട്ടയം: സർവ്വകലാശാലയുടെ വികസനത്തിനായി യു ജി സി നൽകിയ ഫണ്ട് എം ജി സർവ്വകലാശാല പാഴാക്കി. സ്പോർട്സ് അടിസ്ഥാന വികസനത്തിനായി നീന്തൽ കുളം നിർമ്മിക്കാൻ യു ജി സി അനുവദിച്ച രണ്ടേകാൽക്കോടി രൂപ എം ജി സർവ്വകലാശാല മടക്കി നൽകാൻ തീരുമാനിച്ചു. ജനുവരി 28ന് ചേർന്ന സിൻഡിക്കേറ്റാണ് തീരുമാനമെടുത്തത്. 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കുമ്പോൾ സർവ്വകലാശാലയ്ക്ക് 20 ലക്ഷം രൂപയിലേറെ അധിക ബാധ്യത ഉണ്ടാകും.
പദ്ധതി വേണ്ടെന്ന് വയ്ക്കാനുള്ള കാരണം എം ജി സർവ്വകലാശാല ഉത്തരവിൽ വ്യക്തമാക്കുന്നില്ല. പക്ഷേ കടുത്ത ജലക്ഷാമമാണ് നീന്തൽകുളം പദ്ധതി വേണ്ടെന്ന് വയ്ക്കാൻ കാരണമെന്ന് എം ജി സർവ്വകലാശാല വൈസ് ചാൻസിലർ ബാബു സെബാസ്റ്റ്യൻ പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
