മോസ്‌കോ: 298 യാത്രക്കാര്‍ കൊല്ലപ്പെടാനിടയായ മലേഷ്യന്‍ വിമാനദുരന്തത്തിന് പിന്നില്‍ റഷ്യയുടെ പിന്തണയുള്ള വിമതരാണെന്ന് അന്താരാഷ്ട്ര അന്വേഷണ ഉദ്യോഗസ്ഥര്‍. 2014ല്‍ ഉക്രൈയിനില്‍ മലേഷ്യന്‍ വിമാനമായ എംഎച്ച് 17 തകര്‍ന്നു വീണ സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ആംസ്റ്റര്‍ഡാമില്‍നിന്നും ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന വിമാനത്തിലെ എല്ലാ യാത്രക്കാരും കൊല്ലപ്പെടുകയായിരുന്നു. റഷ്യയുടെ പിന്തുണയോടെ ഉക്രൈയിനിയന്‍ വിമതരാണ് ആക്രമണം നടത്തിയതെന്നതിന് തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, ഉക്രൈയിന്‍ എന്നിവിടങ്ങളില്‍നിന്നുള്ള രാജാ്യന്തര സംഘമാണ് അന്വേഷണം നടത്തിയത്. വിമാനത്തിനു നേരെ ബുക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഉക്രൈനിലെ പെര്‍വോമായ്‌സ്‌ക് ഗ്രാമത്തില്‍നിന്നാണ് വിമാനത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ഈ മിസൈല്‍ ഉപകരണം റഷ്യയില്‍നിന്നു കൊണ്ടു വന്നതാണെന്നും ആക്രമണശേഷം റഷ്യയിലേക്ക് തിരിച്ചു കൊണ്ടുപോയതായും അന്വേഷണ സംഘത്തലവനും ഡച്ച് പൊലീസ് ഉദ്യോഗസ്ഥനുമായ വില്‍ബര്‍ട്ട് പോലിസന്‍ അറിയിച്ചു. 

എന്നാല്‍, ആരോപണം റഷ്യ നിഷേധിച്ചു. തികച്ചും പക്ഷപാതപരമാണ് അന്വേഷണമെന്നും റഷ്യയെ കുറ്റക്കാരാക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് ഇതിനു പിന്നിലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.