Asianet News MalayalamAsianet News Malayalam

'അയാളോട് ഞാനൊരിക്കലും പൊറുക്കില്ല'; മിഷേല്‍ ഒബാമയുടെ പുസ്തകം വിവാദത്തിലേക്കോ?

'വളരെ രസകരമാണ് കാര്യങ്ങള്‍. വിദ്വേഷവും ഭ്രാന്തമായ എതിര്‍പ്പും മനോഹരമായി ഒളിപ്പിച്ചുവയ്ക്കപ്പെട്ടിരുന്നു. പക്ഷേ ഒരു വലിയ വിവാദത്തിലേക്ക് വഴിവയ്ക്കുന്ന രീതിയില്‍ അപകടകരമായിരുന്നു ആ വാദങ്ങള്‍'
 

michelle obama criticises donald trump in her book becoming
Author
Washington, First Published Nov 9, 2018, 5:39 PM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രഥമ വനിതയായ മിഷേല്‍ ഒബാമയുടെ 'ബികമിംഗ്' എന്ന പുസ്തകം ഇറങ്ങാനിരിക്കുന്നതേയുള്ളൂ. എങ്കിലും പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഇപ്പോഴേ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. 

തന്റെ ഭര്‍ത്താവും അമേരിക്കന്‍ മുന്‍ പ്രസിഡന്റുമായ ബരാക് ഒബാമയ്‌ക്കെതിരെ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചുള്ള മിഷേലിന്റെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഒബാമ അമേരിക്കന്‍ വംശജനല്ലെന്നുള്ള ട്രംപിന്റെ പ്രചാരണം തന്റെ കുടുംബത്തിന്റെ സാമൂഹ്യജീവിതത്തെ എത്രമാത്രം ബാധിച്ചുവെന്നാണ് മിഷേല്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. 

'വളരെ രസകരമാണ് കാര്യങ്ങള്‍. വിദ്വേഷവും ഭ്രാന്തമായ എതിര്‍പ്പും മനോഹരമായി ഒളിപ്പിച്ചുവയ്ക്കപ്പെട്ടിരുന്നു. പക്ഷേ ഒരു വലിയ വിവാദത്തിലേക്ക് വഴിവയ്ക്കുന്ന രീതിയില്‍ അപകടകരമായിരുന്നു ആ വാദങ്ങള്‍. ബുദ്ധിസ്ഥിരതയില്ലാത്ത ഒരാള്‍ നിറതോക്കുമായി വാഷിംഗ്ടണിലേക്ക് കാറോടിച്ച് വന്നാല്‍ നമ്മളെന്ത് ചെയ്യും? അയാള്‍ നമ്മുടെ പെണ്‍മക്കളുടെ നേരെ തിരിഞ്ഞാല്‍ നമ്മളെന്ത് ചെയ്യും? ഡൊണാള്‍ഡ് ട്രംപ്, അയാളുടെ അശ്രദ്ധമെന്ന് തോന്നിക്കുന്ന വാക്കുകള്‍ എന്റെ കുടുംബത്തെ എത്ര വലിയ അപകടത്തിലാണ് കൊണ്ടുചെന്നെത്തിച്ചത്. അതുകൊണ്ടുതന്നെ അയാളോട് ഞാനൊരിക്കലും പൊറുക്കില്ല'- മിഷേല്‍ എഴുതി. 

ഈ മാസം 13നാണ് 'ബികമിംഗ്' പുറത്തിറങ്ങുക. തന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് മിഷേല്‍ പുസ്തകത്തിലേറെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിക്കാഗോയിലെ ജീവിതം മുതല്‍ അമേരിക്കയുടെ പ്രഥമവനിതയായത് വരെയുള്ള ചരിത്രം പുസ്തകത്തിലുണ്ടെന്നാണ് സൂചന. ട്രംപിനെതിരെ തന്റെ പുസ്തകത്തില്‍ വിവിധയിടങ്ങളിലായി മിഷേല്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

Follow Us:
Download App:
  • android
  • ios