ആലപ്പുഴ: മൈക്രോഫിനാന്‍സ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധത്തിനില്ലെന്ന് എസ്എന്‍ഡിപി. സര്‍ക്കാരിനെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന് എസ്എന്‍ഡിപി യോഗം നേതൃത്വം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. എസ്എന്‍ഡിപി നേതൃയോഗം ആലപ്പുഴയില്‍ തുടരുകയാണ്.
മൈക്രോഫിനാന്‍സ് വിഷയത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് ചര്‍ച്ച ചെയ്യാനാണ് നേതൃയോഗം വിളിച്ചിരിക്കുന്നത്. കഴിഞഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മൈക്രോഫിനാന്‍സിന്റെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതായിരുന്നു. അതോടൊപ്പം വിഎസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മൈക്രോഫിനാന്‍സില്‍ ഇതുവരെ എസ്എന്‍ഡിപി യോഗം നേതൃത്വത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പരസ്യ പ്രതിഷേധം നടത്തേണ്ടതില്ല. ഇന്ന് വൈകീട്ട് നടത്താനിരുന്ന പ്രതിഷേധ പ്രകടനവും റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധ പ്രകടനം നടത്തരുതെന്നും മറിച്ച് ശാഖകളില‍് വിശദീകരണ യോഗങ്ങള്‍ നടത്താനുമാണ് എസ്എന്‍ഡിപി യോഗത്തിന്‍റെ തീരുമാനം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിയാല്‍ അത് സംഘടനാപരമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് എസ്എന്‍ഡിപി യോഗം നേതൃത്വം.
