വത്തിക്കാന്‍: സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അഭയാര്‍ത്ഥി പ്രശ്‌നം, രണ്ടാം ലോകമഹായുദ്ധ ശേഷം ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് മാര്‍പാപ്പ വിശേഷിപ്പിച്ചു. മൂവായിരത്തോളം അഭയാര്‍ത്ഥികള്‍ കഴിയുന്ന ഗ്രീസിലെ ലെസ്‌ബോസ് ദ്വീപ് സന്ദര്‍ശിച്ച മാര്‍പാപ്പ പന്ത്രണ്ട് പേര്‍ക്ക് വത്തിക്കാനില്‍ അഭയം നല്‍കി.
യുറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ധാരണയിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗ്രീസിലെ ലെസ്‌ബോസില്‍ കുടുങ്ങിയ മൂവായിരത്തോളം അഭയാര്‍ത്ഥികളെയാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. അഞ്ച് മണിക്കൂറോളം അഭയാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച അദ്ദേഹം പ്രശ്‌ന പരിഹാരത്തിന് ലോകരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ടു. തനിച്ചാണെന്ന് ആരും കരുതരുത്. ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. മാര്‍പാപ്പ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അഭയാര്‍ത്ഥി പ്രശ്‌നമെന്ന് മാര്‍പാപ്പ വ്യക്തമാക്കി.
മാര്‍പാപ്പക്ക് മുന്നില്‍ പലരും പൊട്ടിക്കരഞ്ഞു. ദുരിതങ്ങളുടേയും നഷ്ടങ്ങളുടേയും കെട്ടഴിച്ചു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ ജയിലിന് തുല്ല്യമാണെന്ന് പലരും കണ്ണീരോടെ വിവരിച്ചു. എല്ലാം കേട്ട മാര്‍പാപ്പ ദുരിത ബാധിതരെ ആശ്വസിപ്പിച്ചു. അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ലെസ്‌ബോസില്‍ നിന്നും വൈകീട്ട് മ!ങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പ 12 സിറിയന്‍ അഭയാര്‍ത്ഥികളെ കൂടെക്കൂട്ടി. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള ഇവരില്‍ ആറ് പേര്‍ കുട്ടികളാണ്. കൂടുതല്‍ പേരെ വത്തിക്കാന്‍ സ്വീകരിക്കുമെന്ന് മാര്‍പാപ്പക്കൊപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.
