ബസ് ജീവനക്കാരായ മൂന്ന് പേർക്കെതിരെ നരഹത്യക്ക് കേസെടുത്തു
പാലക്കാട്: മണ്ണാർക്കാട് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേർക്കെതിരെ നരഹത്യക്ക് കേസെടുത്തു. അപകടം നടന്നത് ബസ് ജീവനക്കാരായ ഡ്രൈവറും കണ്ടക്ടറും ക്ലീനറും അറിഞ്ഞിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം, ഇവർ ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നെന്നും പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞ 18ന് ആണ് കുഴൽക്കിണർ പണിക്കെത്തിയ ഛത്തീസ്‍ഗഡ് സ്വദേശികളായ സുരേഷ് ഗൗഡ, ബെല്ലി ഷോറി എന്നിവര്‍ ബസ് കയറി മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളി രാജേഷിനെ സാരമായ പരുക്കുകളോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഴൽകിണർ നിർമ്മാണ ജോലികൾക്കായി എത്തിയ തൊഴിലാളികൾ രാത്രി മൈതാനത്ത് വാഹനം നിർത്തിയ ശേഷം, സമീപത്ത് കിടന്നുറങ്ങുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന സെന്റ് സേവ്യർ ബസ്, തിരിക്കുന്നതിനായി പിന്നോട്ടെടുക്കവേ, ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മുകളിൽക്കൂടി കയറി ഇറങ്ങുകയായിരുന്നു.
