കൊല്‍ക്കത്ത; അഭ്യന്തരസംഘര്‍ഷത്തെ തുടര്‍ന്ന് മ്യാന്‍മാറില്‍ നിന്നും കൂടുതല്‍ റോംഹിഗ്യകള്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്യുന്നത് തടയാന്‍ കേന്ദ്രഏജന്‍സികള്‍ നടപടികള്‍ ശക്തമാക്കുന്നു. പശ്ചിമബംഗാളിലൂടേയും ത്രിപുരയിലൂടേയുമാണ് കൂടുതല്‍ റോംഹിഗ്യകളും ഇന്ത്യയിലേക്ക് കടക്കുന്നതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തല്‍.

ഇന്ത്യയിലേക്ക് കടന്ന റോഹിംഗ്യകളെ കണ്ടെത്തി ഇവര്‍ അതിര്‍ത്തി കടക്കുന്ന വഴികളും അതിന് സഹായിക്കുകയും ചിലവുകള്‍ വഹിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച നിര്‍ദേശം. ഹൈദരാബാദിലും ന്യൂഡല്‍ഹിയിലുമുള്ള ചില റോഹിംഗ്യ വംശജ്ഞരെ ചോദ്യം ചെയ്തതില്‍ ഇതുസംബന്ധിച്ച ചില സൂചനകള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

കേന്ദ്രഅഭ്യന്തര മന്ത്രാലയത്തിന് അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളാണ് റോംഹിഗ്യകളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം. ത്രിപുരയാണ് മറ്റൊരു പ്രധാനവഴി. ഉത്തരബംഗാളിലെ ഹിലി, ദക്ഷിണബംഗാളിലെ ഹരിദസ്പുര്‍ എന്നീ അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ് ഭൂരിപക്ഷവും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടന്നത്. ഇവിടെ ഇവര്‍ക്ക് വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ഉണ്ടാക്കി കൊടുക്കുന്ന റാക്കറ്റുകളും ശക്തമാണ്.

ഹിലിയിലെത്തുന്ന റോഹിംഗ്യകള്‍ ഇവിടെ നിന്നും ട്രെയിനില്‍ കയറി ഹൗറ വഴി ഹൈദരാബാദിലെത്തും. ഡല്‍ഹിയിലേക്കോ ജമ്മുവിലേക്കോ പോകുന്നവര്‍ സില്‍ഗുരിയോ മാല്‍ഡയോ വഴി ബീഹാറിലൂടെ യാത്ര ചെയ്യും. നിലവില്‍ ഡല്‍ഹിയിലാണ് രാജ്യത്തെ വലിയ റോഹിംഗ്യ ക്യാംപ് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലും റോംഹിഗ്യ ക്യാംപുണ്ട്. ജമ്മു കശ്മീര്‍ റോഹിംഗ്യകളുടെ സാന്നിധ്യം ശക്തമായ മറ്റൊരു സംസ്ഥാനം.