അതു കേട്ടതോടെ ഞാനാകെ തകര്‍ന്നുപോയി. കളിക്കണോ എന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. എന്തു ചെയ്യണമെന്നും അറിയില്ലായിരുന്നു. ആരോടും പറയാനും കഴിയാത്ത അവസ്ഥ.

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു അര്‍ജന്റീനയും നൈജീരയയും തമ്മിലുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. പ്രീ ക്വാര്‍ട്ടറിലെത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ 85-ാം മിനിട്ടില്‍ മാര്‍ക്വസ് റോഹോ നേടിയ ഗോളില്‍ അര്‍ജന്റീന കടന്നുകൂടി. മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്കെതിരെ നൈജീരിയ പുറത്തെടുത്ത കളിമികവിനും പോരാട്ട വീര്യത്തിനും കിട്ടി ഫുട്ബോള്‍ ലോകത്തിന്റെ കൈയടി. എന്നാല്‍ തന്റെ ജീവിതത്തിലെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത മറച്ചുവെച്ചാണ് താന്‍ അന്ന് പന്ത് തട്ടിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നൈജീരിയന്‍ നായകന്‍ ജോണ്‍ ഓബി മൈക്കല്‍.

മത്സരത്തിന് തൊട്ടു മുമ്പാണ് ഒരുസംഘം അക്രമികള്‍ തന്റെ പിതാവിനെ തട്ടിക്കൊണ്ടു പോയതായി ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് ഓബി പറഞ്ഞു. മോചനത്തിനായി വന്‍തുകയാണ് അക്രമികള്‍ ആവശ്യപ്പെട്ടത്. പുറത്തു പറയുകയോ പണം തരാതിരിക്കുകയോ ചെയ്താല്‍ പിതാവ് പാ മൈക്കല്‍ ഓബിയെ വെടിവെച്ച് കൊല്ലുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി. മത്സരത്തില്‍ നിന്ന് പിന്‍മാറിയാലോ എന്ന് ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍ തന്റെ വ്യക്തിപരായ കാര്യം ടീമിന്റെ മനോവീര്യത്തെ ഒന്നാകെ ബാധിക്കരുതെന്ന് കരുതി കോച്ച് ഗെര്‍നോട്ട് റോഹറിന് പോലും ഇക്കാര്യം പറഞ്ഞില്ലെന്നും ഓബി പറഞ്ഞു.

തീര്‍ത്തും വിഷമകരമായ അവസ്ഥയിലാണ് ഞാന്‍ അര്‍ജന്റീനക്കെതിരെ കളിക്കാനിറങ്ങിയത്. ആ ദു:ഖം ഞാന്‍ കടിച്ചമര്‍ത്തുകയായിരുന്നു. കിക്കോഫിന് നാലു മണിക്കൂര്‍ മുമ്പാണ് എനിക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്.

അതു കേട്ടതോടെ ഞാനാകെ തകര്‍ന്നുപോയി. കളിക്കണോ എന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. എന്തു ചെയ്യണമെന്നും അറിയില്ലായിരുന്നു. ആരോടും പറയാനും കഴിയാത്ത അവസ്ഥ. പക്ഷെ ഞാന്‍ കളിക്കാതിരുന്നാല്‍ അത് ഞങ്ങളുടെ കളി, പ്രതീക്ഷയോടെ കാണാനിരിക്കുന്ന 18 കോടി നൈജീരിയക്കാരോട് ചെയ്യുന്ന അനീതിയാവുമെന്ന് എനിക്ക് തോന്നി. അതുകൊണ്ടുതന്നെ മറ്റു ചിന്തകള്‍ക്കെല്ലാം തല്‍ക്കാലം ഷട്ടറിട്ട് ഞാന്‍ കളിക്കാനിറങ്ങി.

ഇക്കാര്യങ്ങളൊന്നും കോച്ചിനോട് പോലും പറയാന്‍ എനിക്കാവില്ലായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമെ ഇതേക്കുറിച്ച് അറിയുമായിരുന്നുള്ളു.ഞാന്‍ ആരോടെങ്കിലും ഇതിനെപ്പറ്റി പറഞ്ഞാന്‍ ആ നിമിഷം അച്ഛനെ വെടിവെച്ചുകൊല്ലുമെന്ന് അക്രമികള്‍ എന്നോട് പറഞ്ഞിരുന്നു. കോച്ചിനോട് പറഞ്ഞാല്‍ അത് ടീമിനെയാകെ ബാധിക്കുമെന്ന് അറിയാമിയരുന്നതിനാല്‍ അദ്ദേഹത്തോടും പറയേണ്ടെന്ന് കരുതി.

Scroll to load tweet…

എന്തായാലും പോലീസിന് നന്ദി. അക്രമികളില്‍ നിന്ന് അച്ഛനെ പോലീസ് തിങ്കളാഴ്ച മോചിപ്പിച്ചു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നല്‍കിയ പിന്തുണക്കും നന്ദി-മൈക്കല്‍ ഓബി പറഞ്ഞു. മൈക്കല്‍ ഓബിയുടെ പിതാവിനെ 2011ലും അക്രമികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. അന്നും പോലീസ് ഇടപെട്ടാണ് മോചിപ്പിച്ചത്. ചെല്‍സി താരമായിരുന്ന മൈക്കല്‍ ഓബി ഇപ്പോള്‍ ചൈനീസ് ലീഗില്‍ ടിയാന്‍ജിന്‍ ടിഡക്കുവേണ്ടിയാണ് കളിക്കുന്നത്.