ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തിനിടെ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ലഡാക്കിലെത്തി. മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി ബിപിന്‍ റാവത്ത് കൂടിക്കാഴ്ച്ച നടത്തും. സ്വാതന്ത്ര്യദിനത്തില്‍ ലഡാകിലെ പാങോങ് തടാകത്തിനു സമീപം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ലഡാക്ക് സന്ദര്‍ശനം. അതിര്‍ത്തിയിലെ സന്നാഹങ്ങള്‍ കരസേന നേരിട്ടു പരിശോധിക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ കരസേന മേധാവി വിലയിരുത്തും. സൈനിക നീക്കം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളുമുണ്ടാകും. ഇന്ന് ലേയിലെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലഡാക്കിലെ സൈനികര്‍ക്ക് പ്രസിഡന്റിന്റെ ബഹുമതി നല്‍കും. സൈനിക ക്യാംപുകള്‍ രാഷ്ട്രപതി സന്ദര്‍ശിക്കും. രാഷ്ട്രപതിക്കൊപ്പം കരസേന മേധാവിയും ചടങ്ങില്‍ പങ്കെടുക്കും.