ജിദ്ദ: ഹജ്ജ് കര്‍മങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. തീര്‍ഥാടകര്‍ നാളെ മുതല്‍ മിനായിലേക്ക് നീങ്ങി തുടങ്ങും. തീര്‍ഥാടകരെ സ്വീകരിക്കാന്‍ പുണ്യസ്ഥലങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടക ലക്ഷങ്ങള്‍ നാളെ മുതല്‍ തമ്പുകളുടെ നഗരമായ മിനായെ ലക്ഷ്യമാക്കി നീങ്ങും.
ബുധനാഴ്ച ആരംഭിക്കുന്ന ഹജ്ജ് കര്‍മത്തിനായി കാത്തിരിക്കുന്നത് ഇരുപത് ലക്ഷത്തിലേറെ തീര്‍ഥാടകരാണ്. മദീനയിലായിരുന്ന തീര്‍ഥാടകരും ആഭ്യന്തര തീര്‍ഥാടകരും ഹജ്ജിനുള്ള തയ്യാറെടുപ്പുമായി മക്കയില്‍ എത്തികൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ നാളെ രാത്രിയോടെ മിനായിലേക്ക് നീങ്ങി തുടങ്ങും. ഒരു ലക്ഷത്തി എഴുപതിനായിരത്തോളം തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയിട്ടുണ്ട്.
കേരളത്തില്‍ നിന്നും ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി മാത്രം പതിനോരായിരത്തി നാനൂറോളം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. വിദേശ-ആഭ്യന്തര ഹജ്ജ് ക്വാട്ടകള്‍ കൂടിയതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കും. കനത്ത ചൂടിലാണ് ഹജ്ജ്. സമാധാനപരവും സുരക്ഷിതവുമായ ഹജ്ജ് കര്‍മത്തിനായി എല്ലാ സജ്ജീകരണങ്ങളും സൗദി ഗവണ്‍മെന്‍റ് പൂര്‍ത്തിയാക്കി.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഒന്നര ലക്ഷത്തോളം പേരെയാണ് തീര്‍ഥാടകരുടെ സേവനത്തിനായി വിന്യസിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുക.
