തെരുവില്‍ നടന്നുപോകുന്ന ആളുകള്‍ നോക്കിനില്‍ക്കേ പെട്ടെന്ന് ആകാശത്ത് നിന്ന് നോട്ടുകള്‍ പെയ്തുകൊണ്ടിരിക്കുന്നു. നോട്ടുകള്‍ പെറുക്കി സ്വന്തമാക്കാനായി നെട്ടോട്ടമോടുന്നവര്‍, മൊബൈല്‍ ക്യാമറകളില്‍ സംഭവം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍. ആകെ തെരുവ് മുഴുവന്‍ ഇളകിമറിഞ്ഞതോടെ പൊലീസെത്തി
ഹോംഗ്‌കോംഗ്: തിരക്കുള്ള ഒരു തെരുവിലൂടെ നടന്നുപോകുമ്പോള്‍ അപ്രതീക്ഷിതമായി ആകാശത്ത് നിന്ന് നോട്ടുമഴ പെയ്താലോ? കേള്‍ക്കുമ്പോള്‍ സ്വപ്‌നം പോലെ തോന്നുമല്ലേ? എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുകയാണ് ഹോംഗ്‌കോംഗില്‍.
തെരുവില്‍ നടന്നുപോകുന്ന ആളുകള്‍ നോക്കിനില്‍ക്കേ പെട്ടെന്ന് മുകളിൽ നിന്ന് നോട്ടുകള്‍ പെയ്യാൻ തുടങ്ങി. നോട്ടുകള്‍ പെറുക്കി സ്വന്തമാക്കാനായി നെട്ടോട്ടമോടുന്നവര്‍, മൊബൈല്‍ ക്യാമറകളില്‍ സംഭവം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍. ആകെ തെരുവ് മുഴുവന്‍ ഇളകിമറിഞ്ഞതോടെ പൊലീസെത്തി. ക്രമസമാധാനനില തകരാറിലാക്കിയത് ആരെന്നറിയാന്‍ പൊലീസ് നാലുപാടും പാഞ്ഞു. ഒടുവില്‍ പരിപാടിയുടെ 'സ്‌പോണ്‍സറെ' കയ്യോടെ പിടികൂടി.
കോടീശ്വരനായ ഒരു യുവാവായിരുന്നു സംഭവത്തിന് പിന്നില്‍. തന്റെ പ്രശസ്തിക്ക് വേണ്ടി ഇയാള്‍ ഒരുക്കിയ പരിപാടിയായിരുന്നു ഇത്. സംഭവങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ പകര്‍ത്തി തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് സംപ്രേഷണവും നടത്തിയിരുന്നു ഈ ഇരുപത്തിനാലുകാരന്‍. ഈ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാര്‍ ഓടിച്ച് സ്‌റ്റൈലിലാണ് വോംഗ് ചിങ്-കിറ്റ് തിരക്കുള്ള തെരുവിലേക്ക് കടക്കുന്നത്. തുടര്‍ന്ന് ഒരു വലിയ കെട്ടിടത്തിന്റെ താഴെ വണ്ടി നിര്‍ത്തി, ഉറക്കെ സംസാരിക്കുന്നു. വൈകാതെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോട്ടുകള്‍ പെയ്തുതുടങ്ങി. ഏതാണ്ട് 18 ലക്ഷത്തോളം രൂപയാണ് വോംഗ് വെറുതെ കാറ്റില്‍ പറത്തിയത്.
സംഗതി കയ്യില്‍ നിന്ന് പോയതോടെ വോംഗ്, താന്‍ പാവങ്ങളെ സഹായിക്കാനാണ് ഇത് ചെയ്തതെന്ന് പൊലീസിന് മൊഴി നല്‍കി. എന്നാല്‍ പ്രശസ്തിക്ക് വേണ്ടിയാണ് വോംഗ് ഇത് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. വൈകാതെ വോംഗിന്റെ അറസ്റ്റും ഇവര്‍ രേഖപ്പെടുത്തി.
