സംസ്ഥാനത്ത് അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈന്‍സ് പുതുക്കി നല്‍കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അത് ചോദ്യം നിരവധി ക്വാറി ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് പരിഗണിക്കവെ അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നും അങ്ങനെ വന്നാല്‍ നിര്‍മ്മാണ മേഖല സ്തംഭിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. 

ഇതോടെയാണ് കേരള സര്‍ക്കാരും ക്വാറി ഉടമകളും ഒത്തുകളിക്കുകയാണോ എന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. എല്ലായിടത്തും ഇതാണ് സ്ഥിതിയെന്നും കോടതി പറഞ്ഞു. കേരളത്തില്‍ ഇളവ് നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ക്വാറി ഉടമകളും സര്‍ക്കാരും എത്തും. അഞ്ച് ഹെക്ടറായാലും ലൈന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി ആവശ്യമാണെന്ന പരാമര്‍ശവും പിന്നീട് കോടതി നടത്തി. 

കേരളത്തിന്റെ നിലപാട് തെറ്റാമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വാദിച്ചു. അഞ്ച് ഹെക്ടര്‍ വരെയുള്ള ഭൂമിയില്‍ ഘനനത്തിന് സംസ്ഥാന തലങ്ങളിലുള്ള വിദഗ്ധ സമിതിയുടെ പരിസ്ഥിതി അനുമതി വേണമെന്നും, അതിന് മുകളിലുള്ള ഘനനമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടുത്ത വെള്ളിയാഴ്ച വിശദമായി പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി