അപസ്‌മാരം ബാധിച്ച കുട്ടിയെ രക്ഷിക്കാന്‍വേണ്ടി കെഎസ്ആര്‍ടിസി കണ്ടക്‌ടറും ഡ്രൈവറും കാട്ടിയ സഹാനുഭൂതിക്ക് മന്ത്രിയുടെ വക സമ്മാനം. ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ശമ്പളത്തില്‍നിന്ന് 50000 രൂപ കണ്ടക്‌ടര്‍ക്കും ഡ്രൈവര്‍ക്കും പാരിതോഷികമായി നല്‍കും. ഇതുസംബന്ധിച്ച ഉത്തരവ് മന്ത്രിയുടെ ഓഫീസില്‍നിന്ന് പുറത്തിറങ്ങി. ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്‌ടര്‍ ബിനു അപ്പുക്കുട്ടന്‍, ഡ്രൈവര്‍ കെ വി വിനോദ് എന്നിവരാണ് മാതൃകാപരമായ ഇടപെടല്‍ നടത്തിയത്. ഇരുവര്‍ക്കും 25000 രൂപ വീതം സ്വന്തം ശമ്പളത്തില്‍നിന്ന് നല്‍കാനാണ് മന്ത്രി തീരുമാനിച്ചിരിക്കുന്നത്.
ശനിയാഴ്‌ച രാത്രിയില്‍ അങ്കമാലിയില്‍നിന്ന് ചങ്ങനാശേരിക്ക് പുറപ്പെട്ട ബസില്‍ യാത്ര ചെയ്യവെയാണ് കുട്ടിക്ക് അസുഖമായത്. അപസ്‌മാര രോഗം ബാധിച്ച കുട്ടിയെയും മാതാപിതാക്കളെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതിനുശേഷം ഏറ്റുമാനൂര്‍ കുട്ടികളുടെ ആശുപത്രിയിലേക്ക് പോകാനുള്ള കാശും നല്‍കിയാണ് കണ്ടക്‌ടറും ഡ്രൈവറും അവരെ യാത്രയാക്കിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്. മാതൃകാപരമായ പ്രവര്‍ത്തനമാണ് ജീവനക്കാരില്‍നിന്ന് ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ ജനങ്ങള്‍ക്കാകെ സേവനം നല്‍കിക്കൊണ്ടു പൊതുഗതാഗതം കൂടുതല്‍ ജനകീയമാകുമെന്നും മന്ത്രി പറഞ്ഞു.
