മുസ്ലീങ്ങള്‍ക്ക് സംഘടിച്ച് കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ കഴിയുമെങ്കില്‍ എല്ലാ ഹിന്ദുക്കള്‍ക്കും ബിജെപിക്ക് വോട്ടുചെയ്ത് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്

ജയ്പൂര്‍: തെരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് രാജസ്ഥാനില്‍ മന്ത്രിക്കെതിരെ കേസെടുത്തു‍. രാജസ്ഥാനിലെ ഗ്രാമ വികസന മന്ത്രിയായ ധ്വാന്‍ സിംഗ് റാവത്താണ് ശനിയാഴ്ച വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്ലീങ്ങള്‍ക്ക് സംഘടിച്ച് കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ കഴിയുമെങ്കില്‍ എല്ലാ ഹിന്ദുക്കള്‍ക്കും ബിജെപിക്ക് വോട്ടുചെയ്ത് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. പരമ്പരാഗത സംസ്കാരത്തെ സംരക്ഷിക്കുന്നവരാണ് ബിജെപിയെന്നും കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയാണെന്നും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

 മന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് മദന്‍ ലാല്‍ സെയ്നി വിശദീകരണവുമായി രംഗത്തെത്തി. മതത്തിന്‍റേയോ ജാതിയുടേയോ അടിസ്ഥാനത്തില്‍ യാതൊരു വേര്‍തിരിവും പാര്‍ട്ടി കാണിക്കാറില്ലെന്നായിരുന്നു മദന്‍ ലാല്‍ സെയ്നിയുടെ വിശദീകരണം. സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിലുള്ളവരെയും പ്രതിനിധീകരിക്കുന്നവരാണ് ബിജെപിയെന്നും എല്ലാവിഭാഗങ്ങളുടെയും വികസനമാണ് ലക്ഷ്യമെന്നും പാര്‍ട്ടി വൈസ് പ്രസിഡന്‍റ് അവിനാഷ് റായ് ഖന്ന പറഞ്ഞു.