ആലപ്പുഴ: സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ജി. സുധാകരന്‍. ആളുകള്‍ മരിച്ചാലും നാലും അഞ്ചും ദിവസം വെന്റിലേറ്ററില്‍ വെച്ച് കൃത്രിമശ്വാസം നല്‍കി പണം തട്ടുന്ന എറണാകുളത്തെ വന്‍കിട ആശുപത്രികളെ തനിക്കറിയാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഇങ്ങനെ ചെയ്യുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

ആലപ്പുഴ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പ് ഉദ്ഘാടന ചടങ്ങിലാണ് സുധാരന്റെ വെളിപ്പെടുത്തല്‍. ആള് മരിച്ചാലും ആരുമറിയില്ല. നാലോ അഞ്ചോ ദിവസം ഇങ്ങനെ ക്രിത്രിമ ശ്വാസം നല്‍കി പണം തട്ടുകയാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളെല്ലാം ഒരു കാലത്ത് തീരെ ഫീസ് വാങ്ങിയിരുന്നില്ല. 

എന്നാല്‍ ഇന്ന് പല തരം ഫീസുകളുണ്ട്. സമ്പൂര്‍ണ്ണമായ സൗജന്യ ചികില്‍സയാണ് കേരളത്തിന് ആവശ്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ അത് ചെയ്യാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം പൂര്‍ണ്ണമായ സൗജന്യ ചികില്‍സവന്നാല്‍ മാത്രമേ സ്വകാര്യ മേഖലയിലെ കൊള്ള അവസാനിക്കൂ എന്ന് ജി സുധാകരന്‍ പറഞ്ഞു.