ദില്ലി: സഹകരണ മേഖലയോട് വിവേചനം കാണിച്ച കേന്ദ്രസര്‍ക്കാറിനിനും ബിജെപിക്കും മുഖത്ത് കിട്ടിയ അടിയാണ് സുപ്രീംകോടതി പരാമര്‍ശമെന്ന് സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ കേന്ദ്രവും, ആര്‍ ബി ഐയും തങ്ങളുടെ തെറ്റായ നിലപാട് തിരുത്തുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷയെന്നും സുപ്രീം കോടതിയില്‍ നിന്ന് സഹകാരികളെ സംരക്ഷിക്കുന്ന വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സഹകരണബാങ്കുകളോടുള്ള വിവേചനം തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജില്ലാ സഹകരണ ബാങ്കുകളുടെ കൈവശമുള്ള പണം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകര്‍ക്ക് നിശ്ചയിച്ച പണമെങ്കിലും നല്‍കാന്‍ സര്‍ക്കാരിനാകണം. നിക്ഷേപം വ്യവസ്ഥാടിസ്ഥാനത്തില്‍ സ്വീകരിക്കുന്നത് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.